കൊച്ചിയിലെ കൊതുകുകളേ, രക്ഷപ്പെട്ടോളൂ വൻപട വരുന്നുണ്ട്
text_fieldsകൊച്ചി: കൊതുകുശല്യം മൂലം രാത്രി കിടന്നുറങ്ങാൻ പറ്റാത്ത കൊച്ചി നിവാസികൾക്ക് ഒരു സന്തോഷവാർത്ത. കൊതുകുകളെ തുരത്തിയോടിക്കാൻ 150 കരാർ തൊഴിലാളികളെ രണ്ടുമാസത്തേക്ക് നിയമിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
പ്രത്യേക പരിശീലനം നൽകിയ തൊഴിലാളികളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കം നടത്തും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ നിയമിക്കുമെന്നും ഇവർക്ക് കാന വൃത്തിയാക്കുന്നതിന് ഓരോ വാർഡിനും 50,000 രൂപ അനുവദിക്കുമെന്നും മേയർ എം. അനിൽകുമാർ യോഗത്തിൽ പറഞ്ഞു.
കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണെന്നും 150 ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കണമെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കരാർ തൊഴിലാളികളെ നിയമിക്കാൻ തീരുമാനിച്ചത്. ഡെങ്കിപ്പനി പടരുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. നഗരത്തിൽ ഫോഗിങ് നടക്കുന്നില്ലെന്നും ഇതിനായി തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ പറഞ്ഞു. എന്നാൽ, നഗരത്തിലെ കൊതുക് നിവാരണം സാധ്യമാകണമെങ്കിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാൻറ് (എസ്.ടി.പി) പദ്ധതി നടപ്പാക്കിയേ മതിയാകൂവെന്ന് മേയർ വ്യക്തമാക്കി.
കൊതുകുബാറ്റ് വീശി പ്രതിഷേധം
കൊച്ചിയിൽ കൊതുകുശല്യം രൂക്ഷമായിട്ടും നിവാരണ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിലാണ് കൊതുകു ബാറ്റുമായി പ്രതിഷേധിച്ചത്. കൗൺസിൽ ഹാളിൽ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ബയോമൈനിങ് ട്രയൽ വിജയകരം
ബ്രഹ്മപുരത്തെ ബയോമൈനിങ് ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ ട്രയൽ റൺ വിജയമാണെന്ന് കമ്പനി അറിയിച്ചതായി മേയർ എം. അനിൽകുമാർ പറഞ്ഞു. ബയോമൈനിങ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് എല്ലാ മാസവും പരിശോധിക്കാൻ കൺസിലിൽ തീരുമാനിച്ചു. ഇതിന്റെ മേൽനോട്ടത്തിനായി നാഷനൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ (നീരി) നിയോഗിക്കും. താൽക്കാലിക പ്ലാന്റ് നിർമിക്കാതെ കമ്പനി കോർപറേഷന്റെ പ്ലാന്റ് ഉപയോഗിക്കുന്ന സാഹചര്യത്തിൽ കരാർ തുകയിൽ കുറവു വരുത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ ആന്റണി പൈനുതറ, ഹെൻട്രി ഓസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി തുക കുറക്കാൻ അവരോട് ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.