പായൽനിറഞ്ഞ് കായലുകൾ; തൊഴിലിടമില്ലാതെ മത്സ്യത്തൊഴിലാളികൾ
text_fieldsപള്ളുരുത്തി: പോളപ്പായൽ ശല്യത്തിൽ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ. വേമ്പനാട്ടു കായലിലും കൈവരികളിലും പോളപ്പായൽ നിറഞ്ഞതോടെ തൊഴിലിടം ഇല്ലാത്ത അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. വെള്ളിയാഴ്ച രണ്ട് കൊച്ചു വള്ളങ്ങൾ പായലിൽ കുടുങ്ങി. പിന്നീട് മറ്റ് വള്ളങ്ങൾ ചേർന്ന് കെട്ടിവലിച്ച് മണിക്കൂറുകൾക്കുശേഷമാണ് വള്ളം പായലിൽനിന്ന് മോചിപ്പിക്കാനായത്.
കോട്ടയം മേഖലയിൽനിന്ന് ഒഴുകിയെത്തിയതാണ് പായലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ പായൽക്കൂട്ടം തഴച്ചുവളർന്നിരിക്കുകയാണെന്നും ഇവർ പറയുന്നു. കായലിന്റെ ഉപരിതലത്തിൽ പായൽ കട്ടിയായിക്കിടക്കുന്നതിനാൽ ചീനവലക്കാർ പ്രതിസന്ധിയിലാണ്. വല വെള്ളത്തിലേക്ക് താഴ്ത്താൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. വലയിൽ പായൽ തിങ്ങിനിറഞ്ഞ് വല ഉയർത്തുമ്പോൾ ഭാരം താങ്ങാൻ കഴിയാതെ വലകൾ കീറിപ്പോയതായും ഇവർ പറഞ്ഞു. കൊച്ചു വള്ളക്കാരും പായൽ നിറഞ്ഞ് വല കീറുന്നതായി പരാതിപ്പെടുന്നു. ഊന്നിവലക്കാരും വീശുവലക്കാരും പ്രതിസന്ധി നേരിടുകയാണ്. കുടുംബം പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ഓരോ വർഷവും പായൽ നിർമാർജനത്തിന് പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. പെരുമ്പടപ്പിൽ വേലിയേറ്റ വേളയിൽ റോഡിലേക്കും പായൽ കയറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.