മുനമ്പം വള്ളം അപകടം; സുരക്ഷ ഉറപ്പാക്കാനുള്ള നിരീക്ഷണം വേണം
text_fieldsവൈപ്പിൻ: മത്സ്യബന്ധന ബോട്ടുകളും യന്ത്രവത്കൃത വള്ളങ്ങളും സുരക്ഷാസന്നാഹങ്ങളുമായി കടലിൽ ഇറങ്ങുമ്പോൾ ചെറുവള്ളമിറക്കുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് അപകടങ്ങളിൽ തുണയാകുന്നത് ഭാഗ്യം മാത്രം.
മുനമ്പം ഹാർബറിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ മൂന്നുപേർ ഈ ഭാഗ്യം പിടിവള്ളിയാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ മരണത്തിനു കീഴടങ്ങിയത് രണ്ടുപേർ. മറ്റു രണ്ടുപേർ ഇപ്പോഴും കാണാമറയത്ത്. മത്സ്യമേഖലയിൽ കൊച്ചിയിലും മുനമ്പത്തും അഴീക്കോട്ടും ആവശ്യമായ രക്ഷാസന്നാഹങ്ങൾ ഉണ്ടായിരുന്നിട്ടും അതില്ലാതെ കടലിൽ പോകുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളിലെയും ചെറുവഞ്ചികളിലെയും തൊഴിലാളികൾക്കാണ് ദുരന്തങ്ങളിൽ പലപ്പോഴും ജീവൻ നഷ്ടമാകുന്നത്.
ഇത്തരം വള്ളങ്ങളിൽ മീൻ പിടിക്കാൻ ഇറങ്ങുന്നവരുടെ കൈവശം ആകെ ഉണ്ടാവുക മൊബൈൽ ഫോൺ മാത്രമായിരിക്കും. ആഴക്കടലിൽ പലപ്പോഴും അതിനു റേഞ്ച് ലഭിക്കില്ല.
ജാക്കറ്റ് പോലുള്ള സുരക്ഷാസംവിധാനങ്ങൾ ഒരു ബോട്ടിലും ഉണ്ടാവാറില്ല. ഫിഷിങ് ബോട്ടുകളോ വലിയ യന്ത്രവത്കൃത വള്ളങ്ങളോ അപകടത്തിൽപെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കാനുള്ള സംവിധാനങ്ങൾ യാനങ്ങളിൽ തന്നെയുണ്ടാകാറുണ്ട്. വള്ളങ്ങളിൽ നടുക്കടലിൽ നടക്കുന്ന ദുരന്തം അറിഞ്ഞ് രക്ഷാസംഘം എത്തുന്നത് വരെ ലൈഫ് ബോയകളിൽ പിടിച്ച് നീന്തി ജീവൻ രക്ഷിക്കാൻ കഴിയും.
എന്നാൽ, ഇതിനെ നിസ്സാരവത്കരിക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. തൊഴിലാളികൾക്കിടയിൽ സുരക്ഷയെക്കുറിച്ച് വ്യക്തവും കൃത്യവുമായ ബോധവത്കരണത്തിന്റെ അഭാവമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കർശനമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി സുരക്ഷാ സംവിധാനങ്ങളുമായി പോകാൻ ബോധവത്കരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
എന്നാൽ, സുരക്ഷക്ക് ലൈഫ് ജാക്കറ്റുകൾ പ്രായോഗികമല്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. ചില വലിയ വള്ളങ്ങളിലൊഴികെ ഒന്നിലും ലൈഫ് ബോയകൾ ഇല്ല.
ഇത്തരം വള്ളങ്ങൾ കടലിൽ മുങ്ങുമ്പോൾ ഇന്ധനവും കുടിവെള്ളവും കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കാനുകളിൽ പിടിച്ച് നീന്തുകയാണ് പതിവ്.
അപകട വിവരം അറിഞ്ഞ് കരയിൽനിന്ന് രക്ഷാസംഘം എത്തുന്നത് വരെ നീന്തിയാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളത്. വള്ളത്തിൽനിന്ന് ചരക്ക് കയറ്റി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് മുനമ്പത്ത് ഫൈബർ വെള്ളം അപകടത്തിൽപെട്ടത്. വൈകീട്ട് അഞ്ചിന് നടന്ന അപകടം പുറത്തറിയുന്നത് രാത്രി എട്ടോയാണ്.
മൂന്നുപേർ മൂന്ന് മണിക്കൂറോളം കാനുകളിൽ പിടിച്ച് നീന്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികൾ കാണാനിടയായതും രക്ഷപ്പെട്ടതും.
അതുവരെ വള്ളത്തിൽ പിടിച്ചു കിടക്കാൻ കഴിഞ്ഞ മൂന്ന് തൊഴിലാളികളെ മാത്രമാണ് സമീപത്തുകൂടി യാദൃച്ഛികമായി കടന്നുവന്ന ബോട്ടിന് രക്ഷിക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.