മാലിന്യം തള്ളൽ; കാമറകളിൽ വാഹനങ്ങൾ കുടുങ്ങിയില്ലെന്ന് നഗരസഭ
text_fieldsകാക്കനാട്: പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ഥാപിച്ച കാമറകളിൽ രണ്ടുവർഷമായി ഒരു വാഹനവും കുടുങ്ങിയില്ലെന്ന തൃക്കാക്കര നഗരസഭയുടെ വിചിത്രമായ മറുപടി. വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാല സമര്‍പ്പിച്ച അപേക്ഷയിലാണ് തൃക്കാക്കര നഗരസഭ ഓഫിസ് മറുപടി നല്‍കിയത്. 43 വാർഡിലേക്കുമായി 33.68 ലക്ഷം രൂപ മുടക്കി 2022 മാർച്ചിലാണ് 10 കാമറ നഗരസഭ വാങ്ങിയത്. വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാറാണ് പതിവ്. നഗരസഭ ഓഫിസിലെ കൺട്രോൾ റൂമിൽനിന്ന് ആവശ്യമായ ദിശയിൽ ക്രമീകരിക്കും.
കാമറ ആവശ്യത്തിനനുസരിച്ച് മാറ്റിമാറ്റി സ്ഥാപിക്കാം. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുന്ന സാഹചര്യത്തിൽ കാമറ അവിടെ നിന്നെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുകയാണ് പ്രവർത്തന രീതി. അതേസമയം, വിവിധ ഇടങ്ങളിൽ മാലിന്യം റോഡരികിൽ തള്ളിയ സംഭവത്തിൽ നഗരസഭ 56 കേസുകൾ കണ്ടെത്തി 1.24 ലക്ഷം രൂപ പിഴയീടാക്കിയതായും നഗരസഭ വിവരാവകാശ രേഖയിൽ പറയുന്നു.
ഐ.ടി നഗരമായ കാക്കനാടും സമീപത്തും പ്രധാന റോഡുകളിലെല്ലാം മാലിന്യത്താൽ നിറയുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിലാണ് ഈ ദുരവസ്ഥ. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശമുള്ളപ്പോഴാണ് നഗരസഭയുടെ ഈ അനാസ്ഥ.
നഗരസഭ സ്ഥാപിച്ച കാമറകളിൽ കുടുങ്ങുന്ന വാഹനനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ കേസുകൾ ഒതുക്കി തീർക്കുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ‘മാധ്യമ’ത്തോടു പറഞ്ഞു. റോഡരികിൽ മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾ പിടികൂടിയാൽ കോടതിക്ക് ഹാജരാക്കണമെന്നാണ് ചട്ടം. ഭീമമായ തുക പിഴയും വരും. ഇതൊഴിവാക്കാൻ ചെറിയ പിഴയീടാക്കി കേസ് ഒതുക്കിത്തീർക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.