തിയറ്റർ പരിസരം മാലിന്യമലയാക്കി നഗരസഭ
text_fieldsഫോർട്ട്കൊച്ചി: പഴയ സിനിമ കൊട്ടക നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രമായി മാറി. അമരാവതിയിലെ പഴയ സൈന (കോക്കേഴ്സ് ) തിയറ്റർ ചുറ്റുവളപ്പിലെ മാലിന്യക്കൂമ്പാരം പരിസരവാസികൾക്കും അതുവഴി കടന്നുപോകുന്നവർക്കും ദുരിതവുമായി മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫോർട്ട്കൊച്ചി മേഖലയിലെ ഖര, പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ തിയറ്റർ ചുറ്റുവളപ്പിലാണ് നഗരസഭ തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലായി പത്തടിയിലേറെ ഉയരത്തിലാണ് മാലിന്യക്കൂമ്പാരമുള്ളത്. ഖരമാലിന്യം, ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ ,ഡയപ്പറുകൾ എന്നിവ അടക്കമുള്ളവയുണ്ട്. ദുർഗന്ധവും പുഴു അരിച്ച് കയറുന്നതും സമീപവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പരാതിപ്പെട്ടിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ലെന്ന് സമീപവാസികൾ പറയുന്നു. മട്ടാഞ്ചേരി ടൗൺ ഹാളിലും മാലിന്യം മലപോലെയാകുകയാണ്. പൊതുസ്ഥലങ്ങൾ മാലിന്യ സൂക്ഷിപ്പുകേന്ദ്രങ്ങളായതോടെ പകർച്ചവ്യാധി ഭീഷണിയും ഉയരുകയാണ്. ഡെങ്കിപ്പനി പലയിടങ്ങളിലും പടരുമ്പോഴും ശേഖരിച്ച മാലിന്യം മാറ്റാൻ നടപടി ആകുന്നില്ല. ഭക്ഷണം തേടി മാലിന്യക്കൂമ്പാരത്തിലേക്ക് നായ്ക്കൾ കൂട്ടമായെത്തുന്നതും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.