ഫ്ലാറ്റ് ഒഴിയാൻ നഗരസഭ നോട്ടീസ്
text_fieldsകൊച്ചി: നിർദിഷ്ട മെട്രോ റെയിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ നഷ്ടപരിഹാരമായി അനുവദിച്ച 1.36 കോടിയിൽ നിന്ന് നഗരസഭക്ക് നൽകേണ്ട 1.11 കോടി രൂപ അടക്കണമെന്ന നിലപാടാണ് തങ്ങൾക്കെന്ന് ആപ്പിൾ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ. തൃക്കാക്കര 23-ാം വാർഡിൽ വാഴക്കാല ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റിന് നഗരസഭയുടെ നികുതി കുടിശികയുടെ പേരിൽ ഒഴിയാൻ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ഫ്ലാറ്റ് ഉടമകളുടെ കൂട്ടായ്മ രംഗത്തു വന്നത്. ഫ്ലാറ്റിൽ 1142 സ്ക്വയർ മീറ്ററിന് മേൽ അനധികൃത നിർമ്മാണം നടത്തിയതായും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
കെട്ടിടത്തിന്റെ സഹനിർമതാവ് അനന്തൻ നമ്പ്യാരുടെ അന്യായമായ ഇടപെടലും നിലപാടുമാണ് ഇതിന് തടസമെന്നും നഗരസഭ ഇദ്ദേഹത്തിൽ നിന്ന് തുക ഈടാക്കി നിയമപ്രശ്നങ്ങളിൽപെട്ട അപ്പാർട്ട്മെന്റ് ഗുണഭോക്താക്കളെ രക്ഷിക്കണമെന്നും അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.എം.ആർ.എൽ അനുവദിച്ച തുക സഹനിർമതാവിന്റെ പരാതിയെ തുടർന്ന് കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്. ബിൽഡിങ് മെയിന്റനൻസിനും നഗരസഭയിൽ നിന്ന് നമ്പർ ഇട്ടു കിട്ടുന്നതിനും മറ്റുമുള്ള ചെലവുകളിലേക്ക് ഉപയോഗിക്കേണ്ട തുകയാണ് പിഴ ഒടുക്കേണ്ടതിലേക്കായി നൽകേണ്ടി വരുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ വീഴ്ചക്കും ഉത്തരവാദി സഹ നിർമതാവാണ്. ഭൂ ഉടമയെന്ന നിലയിൽ സഹനിർമതാവും ആപ്പിൾ എ പ്രോപ്പർട്ടീസ് ബിൽഡേഴ്സും ചേർന്നുള്ള സംയുക്ത സംരംഭമായ ആപ്പിൾ ഹൈറ്റ്സിൽ 105 പേരാണ് ഫ്ലാറ്റ് ഉടമകൾ. പണം വാങ്ങിയ ശേഷം പദ്ധതി ഉപേക്ഷിച്ചതോടെ അപേക്ഷകർ വീണ്ടും തുക മുടക്കിയാണ് പണിതീർത്ത് ഫ്ലാറ്റ് സ്വന്തമാക്കിയത്. ഭൂ ഉടമയെന്ന നിലയിൽ 30 ശതമാനം ബിൽഡിങ് ഷെയർ സഹ നിർമതാവിനാണ്. ആകെയുള്ള 135 ഫ്ലാറ്റുകളിൽ 104 എണ്ണമാണ് മറ്റുള്ളവരുടേത്. 60 ലക്ഷം രൂപയും ബിൽഡേഴ്സിൽ നിന്ന് സഹനിർമതാവ് നേരത്തെ വാങ്ങിയിരുന്നു.
ഫ്ലാറ്റ് മെയിന്റനൻസ് നൽകി കിട്ടണമെന്നും തദ്ദേശ സ്ഥാപനത്തിൽ നിന്ന് നിയമവിധേയമായി കെട്ടിടത്തിന് നമ്പർ ഇട്ടുകിട്ടണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. കെ.എം.ആർ.എൽ നൽകുന്ന നഷ്ടപരിഹാര തുക അനധികൃത നിർമാണം ക്രമപ്പെടുത്തുന്നതിനടക്കം ആവശ്യത്തിലേക്ക് ഉപയോഗിക്കാവുന്നതാണെന്ന് നഗരസഭയേയും സർക്കാറിനേയും അറിയിച്ചിട്ടുണ്ടെന്നും ഈ തുക ഇത്തരത്തിൽ ചെലവഴിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം നൽകിയിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ബാബു എബ്രാഹം, സെക്രട്ടറി കേണൽ ക്ലീറ്റസ്, എം.ഡി വർഗീസ്, സിബി ചാവറ, ശ്രീപ്രകാശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.