ഡോക്ടർമാരില്ല, പോയിട്ട് പിന്നെ വാ...
text_fieldsമൂവാറ്റുപുഴ: ഫിസിഷ്യൻ അടക്കമുള്ള ഡോക്ടർമാരുടെ കുറവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഫിസിഷ്യന്റയും സർജന്റെയും അനസ്തേഷ്യ ഡോക്ടറുടെയും ഒഴിവ് പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണ് പരാതി.
നാല് ഫിസിഷ്യൻമാരുടെ തസ്തികയാണ് ആശുപത്രിയിലുള്ളത്. ഇതിൽ നിലവിലുണ്ടായിരുന്ന സീനിയർ ഫിസിഷ്യൻ സ്ഥലംമാറിപ്പോയതിനു പകരം എത്തിയ ഡോക്ടർക്ക് വർക്ക് അറേജ്മെന്റ് ഭാഗമായി മറ്റൊരു ആശുപത്രിയിൽകൂടി ചുമതലയുണ്ട്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ആറ് ഫിസിഷ്യൻമാരുണ്ടെങ്കിലും വൻ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിൽ ഒരാളെ കൂടിയെങ്കിലും നിയമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനു പുറമെ സർജന്റെയും അനസ്തേഷ്യ ഡോക്ടറുടെയും ഒഴിവും നികത്തണം.
ഒഴിവുകൾ നികത്തണമെന്നും കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ ആശുപത്രിയിലെ പുതിയ ഓപറേഷൻ തിയറ്റർ പ്രവർത്തനം ആരംഭിക്കാൻ ജനറേറ്റർ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.