നെഞ്ചുപൊട്ടുന്നു മകളേ...; ബാലികയുടെ കൊലപാതകം ഒഴിഞ്ഞുമാറാനാകില്ല നഗരസഭ അധികൃതർക്ക്
text_fieldsആലുവ: മാർക്കറ്റിന് സമീപം ബാലിക അരും കൊലക്ക് ഇരയായ സംഭവത്തിൽ നഗരസഭക്കെതിരെയും പ്രതിഷേധം. ആധുനിക രീതിയിൽ പൊതുമാർക്കറ്റ് ഉടൻ പണിയാനെന്നുപറഞ്ഞ് നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെയാണ് സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറിയത്. ഇത്തരം സാഹചര്യം മാർക്കറ്റിൽ ഉണ്ടാക്കിയെടുത്തത് ഏതാനും വർഷങ്ങളായി മാറിവന്ന ഭരണാധികാരികളാണ്.
നിർമാണം വൈകിയതോടെ മാർക്കറ്റിലെയും നഗരത്തിലെയും മാലിന്യം കൊണ്ട് തള്ളുവാനുള്ള സ്ഥലമായി പദ്ധതി പ്രദേശവും മാർക്കറ്റിലെ പുഴയോരവും മാറി. ഇതോടെ ഈ ഭാഗത്തേക്ക് ആരും വരാതായി. സാമൂഹികവിരുദ്ധർക്കും അക്രമികൾക്കും ലഹരി ഇടപാടുകാർക്കും അതിലൂടെ മികച്ച താവളമാണ് ലഭിച്ചത്.
നഗരസഭയുടെ മത്സ്യ - മാംസ മാർക്കറ്റ് കെട്ടിടങ്ങളിലും സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നുണ്ട്. രാപ്പകൽ ഭേദമന്യേ നിരവധിയാളുകളാണ് ഇവിടെ വന്നുപോകുന്നത്. ചിലർ ഇവിടെയാണ് ഉറങ്ങുന്നതുപോലും. രണ്ട് നിലകളുടെ കെട്ടിടത്തിന്റെ താഴെ മാത്രമാണ് കച്ചവടക്കാരുള്ളത്.
മുകളിലെ നിലയിലെ മുറികൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ രാത്രിയും പകലും സാമൂഹികവിരുദ്ധരുടെ ശല്യമുണ്ട്. ചോദ്യം ചെയ്യുന്ന കച്ചവടക്കാരെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്യും. രാത്രിയിൽ മറ്റ് അനാശാസ്യങ്ങളും ഇവിടെ നടക്കുന്നതായി ആക്ഷേപമുണ്ട്. ഒഴിഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരുടെയും ശ്രദ്ധ പെട്ടെന്ന് എത്തില്ല. മദ്യപാനികൾക്കും ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളും ഈ കെട്ടിടവും ആശ്രയകേന്ദ്രമാണ്. ഇത്തരക്കാർ തമ്മിൽ അടിപിടിയും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.