നടുക്കര പൈനാപ്പിൾ കമ്പനിയുടെ വൈദ്യുതി വിച്ഛേദിച്ചു; പ്രവർത്തനം നിലച്ചു
text_fieldsമൂവാറ്റുപുഴ: വൈദ്യുതി കുടിശ്ശികയെ തുടർന്ന് വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിഛേദിച്ചു. ഇതോടെ ഭാഗികമായി പ്രവർത്തിച്ചിരുന്ന കമ്പനിയുടെ പ്രവർത്തനം പൂർണമായും നിലച്ചു.
നവംബർ വരെ 14.49 ലക്ഷം രൂപയുടെ കുടിശ്ശിക അടക്കാൻ പലവട്ടം നോട്ടിസ് നൽകിയിട്ടും പണം അടച്ചിരുന്നില്ല. വ്യാഴാഴ്ച കമ്പനി എം.ഡി കെ.എസ്.ഇ.ബിയിൽനിന്ന് സാവകാശം തേടിയിരുന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കമ്പനിയുടെ അകത്ത് പ്രവേശിക്കാതെ പുറത്തു നിന്നാണ് വൈദ്യുതി വിഛേദിച്ചത്. അകത്ത് കടന്നു വൈദ്യുതി വിഛേദിക്കാൻ കഴിഞ്ഞ മാസം കെ.എസ്.ഇ.ബി നടത്തിയ ശ്രമം ജീവനക്കാർ തടഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന് കമ്പനി മാനേജ്മെൻറ് കൃഷി വകുപ്പ് സെക്രട്ടറിയെയും എം.എൽ.എയെയും വിവരം അറിയിച്ചെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദേശ പ്രകാരമാണ് വൈദ്യുതി ബന്ധം വിഛേദിച്ചതെന്ന് കെ.എസ്.ഇ.ബി വാഴക്കുളം സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി.
എല്ലാ മാസവും 25,000 രൂപ വൈദ്യുതിക്ക് പിഴ പലിശ നൽകണം. ഇതു പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലായിരുന്നു കമ്പനി. കോവിഡ് കാലത്ത് ഉണ്ടായ അഞ്ച് ലക്ഷം രൂപയുടെ കുടിശ്ശികയാണ് 14.49 ലക്ഷത്തിലെത്തിയത്. കമ്പനി അടച്ചു പൂട്ടൽ ഭീഷണിയിലായിട്ട് നാളുകളായി. മൂന്നു പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച മെഷനറികളിൽ പലതും പ്രവർത്തിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പൈനാപ്പിൾ സംസ്കരണം നടന്നിട്ടും മാസങ്ങളായി. പൈനാപ്പിൾ സംസ്കരണ യന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻ കോടികൾ ചെലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷവും ഒരു ദിവസം പോലും ഇവ പ്രവർത്തിപ്പിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.