ദേശീയപാത നിർമാണം; ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്നു
text_fieldsപറവൂർ: ദേശീയപാത 66 ആറ് വരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ നിലവിലെ പാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്നു. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24 കിലോമീറ്ററോളം റോഡാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.
മൂത്തകുന്നം മുതൽ വഴിക്കുളങ്ങര വരെ ബൈപാസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ മഴ കുറഞ്ഞതോടെ ദ്രുത ഗതിയിൽ നടക്കുകയാണ്. നിർമാണ കമ്പനികളുടെ നിരവധി വാഹനങ്ങളാണ് പദ്ധതി പ്രദേശത്ത് ഓടുന്നത്. ഇതിന് പുറമെ വീതി കുറഞ്ഞ നിലവിലെ പാതയിലൂടെ നൂറുകണക്കിന് കണ്ടെയ്നർ ലോറികളും പെട്രോൾ ഉൽപന്നങ്ങൾ കയറ്റിയ വലിയ ടാങ്കറുകളും രാപ്പകൽ കടന്നു പോകുന്നു.
ഇവയുടെ പകൽ സഞ്ചാരം നിരോധിക്കണമെന്ന ചെറുകിട വാഹന ഉടമകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. വടക്കൻ ജില്ലകളിലെ ചരക്ക് വാഹനങ്ങൾ ടോൾ ഒഴിവാക്കാൻ ഇതുവരെ കടന്നു പോകുന്നതും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ദേശീയപാതയിൽ മൂത്തകുന്നം ഭാഗത്ത് ഒരാഴ്ചക്കകം വാഹന അപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. തലങ്ങും വിലങ്ങുമുള്ള ദേശീയപാത നിർമാണ കമ്പനി വാഹനങ്ങളുടെ ഓട്ടം മറ്റ് വാഹനങ്ങൾക്ക് ഭീതി ഉയർത്തുന്ന നിലയിലാണ്. ഇതര സംസ്ഥാന ഡ്രൈവർമാരാണ് വാഹനങ്ങൾ ഓടിക്കുന്നത്.
പെരുവാരം വളവിൽ ഇവരുടെ വണ്ടിയിൽ നിന്ന് ചളി ഉതിർന്നു വീണ് റോഡ് ചെളിമയമായി. ചളിയിൽ തെന്നി വാഹനങ്ങളുടെ നിയന്ത്രണം തെറ്റി അപകട സാധ്യത വർധിച്ചപ്പോൾ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തി. അവർ വെള്ളം പമ്പ് ചെയ്ത് ചളി കഴുകിക്കളഞ്ഞതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.