ദേശീയപാത പുനർനിർമാണം; പ്രഖ്യാപനങ്ങൾ പ്രഹസനമായി
text_fieldsകൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത പുനർനിർമാണം; പുറമ്പോക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ദേശീയപാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 125 കിലോമീറ്ററിൽ നടക്കുന്ന പുനർനിർമാണമാണ് പ്രസഹനമാകുന്നതായി ആക്ഷേപമുയരുന്നത്. 1073.8 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാതയിൽ നവീകരണം നടക്കുന്നത്. ജില്ലയിലെ പ്രവൃത്തികൾ പകുതിയോളം പിന്നിടുമ്പോൾ നിലവിലിത് റീ ടാറിങ് മാത്രമായി ചുരുങ്ങിയ സ്ഥിതിയാണ്.
കാന നിർമാണത്തിലും അശാസ്ത്രീയത
ദേശീയപാതിയലെ കടാതി മുതൽ മാമല വരെ 20 കൊടും വളവാണുള്ളത്. ഏറ്റവും കൂടുതൽ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നതും ഈ വളവുകളിലാണ്. ഇവിടെയും റീടാറിങ് മാത്രമാണ് നടക്കുന്നത്. പുനർനിർമാണത്തിന്റെ ഭാഗമായി നടത്തുന്ന കാന നിർമാണമാകട്ടെ നിലവിലുള്ള റോഡിൽനിന്നാണ് കീറുന്നത്. ഒന്നേകാൽ അടി വീതിയിലും ആറ് അടിയോളം താഴ്ചയിലുമാണ് റോഡിന് ഇരുവശത്തുമുള്ള കാന നിർമാണം. ഇതും റോഡിന്റെ വീതി കുറയാൻ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പാതയുടെ ഇരുവശത്തുമായി 186 കിലോമീറ്റർ പുതിയ കാനകൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കാന നിർമാണം പൂർത്തിയാകുമ്പോൾ ഇതിന് മുകളിലൂടെ ഗതാഗതത്തിന് അനുയോജ്യമാക്കുമെന്നാണ് അധികൃതരുടെ വാദം. ഇതേസമയം തന്നെ പാതയിൽ പൂർണമായും കാന നിർമാണമില്ലാത്തത് ഈ വാദവും പൊളിക്കുകയാണ്.
പുറമ്പോക്ക് ഏറ്റെടുക്കൽ കടലാസിലൊതുങ്ങി
ദേശീയപാതയുടെ കുണ്ടന്നൂർ മുതൽ മൂവാറ്റുപുഴ വരെ മാത്രം ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. എന്നാൽ, ഈ ഭാഗങ്ങളിൽ പലയിടങ്ങളിലും മതിയായ വീതിയില്ലാത്തത് യാത്രികർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 14 മീറ്ററാണ് പാതയുടെ ഔദ്യോഗിക വീതിയെങ്കിലും പലയിടങ്ങളിലും ഇത് 10-12 മീറ്റർ മാത്രമാണുള്ളത്. എന്നാൽ, പുനർനിർമാണത്തിന്റെ ഭാഗമായി വീതി കുറഞ്ഞയിടങ്ങളിൽ പുറമ്പോക്ക് ഏറ്റെടുത്ത് വർധിപ്പിക്കുമെന്നായിരുന്നു ഡീൻ കുര്യാക്കോസ് എം.പി അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രഖ്യാപനം. കരാറുകാരാകട്ടെ രാത്രിയിൽ ദ്രുതഗതിയിൽ റീടാറിങ് നടത്തി പ്രവൃത്തികൾ അവസാനിപ്പിക്കുന്ന തിരക്കലാണ്. പുറമ്പോക്ക് ഏറ്റെടുക്കാത്തതിനെ ചൊല്ലി ആക്ഷേപമുയർന്നപ്പോൾ സർവേയർമാരെ കിട്ടാത്തതാണ് ഇത് പാളാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ആസൂത്രണമില്ലാതെ പ്രവൃത്തികൾ ആരംഭിച്ചതാണ് പദ്ധതി പ്രഹസനമാകാൻ കാരണമെന്നാണ് ആക്ഷേപം. അധികൃതരുടെ നടപടി പാതയോരത്തെ കൈയേറ്റക്കാർക്കാണ് തുണയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.