കൊച്ചി, എറണാകുളം, കളമശ്ശേരി മണ്ഡലം നവകേരള സദസ്സ്; സിൽവർ ലൈൻ എക്കാലവും കേന്ദ്രത്തിന്റെ സങ്കുചിത നിലപാട് തുടരാനാവില്ല -മുഖ്യമന്ത്രി
text_fieldsകൊച്ചി: മറ്റെല്ലാ മേഖലകളിലും സമഗ്ര വികസനവുമായി കേരളം മുന്നേറിയപ്പോൾ റെയിൽവേയുടെ കാര്യത്തിലാണ് നമുക്ക് മുന്നോട്ടുപോകാൻ സാധിക്കാത്തതെന്നും ഇതിനു കാരണം കേന്ദ്രത്തിന്റെ സങ്കുചിത നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈനിനായി കാത്തിരിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാദേശിക തലത്തിലുണ്ടായ ചില എതിർപ്പുകളുടെ ഫലമായി കേന്ദ്രം സങ്കുചിത താൽപര്യങ്ങളെടുത്തതാണ് സിൽവർ ലൈനിന്റെ കാര്യത്തിലുണ്ടായത്. കേന്ദ്രം തീർത്തും നിഷേധാത്മകമായ നിലപാട് തുടരുമ്പോൾ സംസ്ഥാനം കൂടുതലായി അധ്വാനിച്ചിട്ട് കാര്യമില്ല. എന്നാൽ, എക്കാലത്തും ആ നില തുടരാൻ കേന്ദ്രത്തിനു കഴിയില്ലെന്നോർക്കണം. കാരണം, നാടിന്റെ വികസനത്തിൽ അതീവ പ്രാധാന്യമുള്ളതാണ് അതീവ വേഗതയുള്ള ട്രെയിനുകൾ. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് ഇത്തരം വേഗട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടത്. വന്ദേഭാരത് കൃത്യസമയത്തെത്താൻ മറ്റു ട്രെയിൻ യാത്രക്കാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. നാം ഉദ്ദേശിച്ചത് പ്രത്യേക റെയിൽവേ ലൈനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറൈൻഡ്രൈവിൽ നടന്ന സദസ്സിൽ മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.രാധാകൃഷ്ണൻ, ആൻറണി രാജു എന്നിവർ സംസാരിച്ചു. മന്ത്രിമാരെ കൂടാതെ കലക്ടർ എൻ.എസ്.കെ. ഉമേഷ്, പ്രഫ. എം.കെ. സാനു, പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ മനസ്സ്
ഫോർട്ടുകൊച്ചി: ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ മനസ്സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹായിക്കേണ്ട ഘട്ടത്തിൽ പോലും ഉപദ്രവിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. സംസ്ഥാനത്തിന്റെ താല്പര്യത്തിന് എതിരായാണ് പ്രതിപക്ഷ നിലപാട്. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും നാടിന് എതിരായ സമീപനം കോൺഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നു. സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ ഇതുവരെ കേന്ദ്രസമീപനത്തിനെതിരെ ഒന്നും മിണ്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോർട്ടുകൊച്ചി വെളി മൈതാനത്ത് നടന്ന സദസ്സിൽ കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. കൊച്ചി തഹസിൽദാർ സുനിത ജേക്കബ് സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ ആന്റണി ഹെർട്ടിസ് നന്ദിയും പറഞ്ഞു. രാവിലെ 11 മുതൽ പരാതികൾ സ്വീകരിച്ചുതുടങ്ങി. 25 കൗണ്ടറുകളാണ് ഇതിനായി ഒരുക്കിയത്.
കേന്ദ്രം സംസ്ഥാനത്തെ ബോധപൂർവം ഉപദ്രവിക്കുന്നു
കളമശ്ശേരി: കാലാനുസൃത മാറ്റങ്ങൾ കേരളത്തിന് പാടില്ലയെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച നിരക്ക് 17.6 ശതമാനത്തില്‍ നിന്ന് 90.6 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23000 കോടി രൂപ നികുതി വരുമാനത്തില്‍ വർധനയുണ്ടായി. എന്നാൽ ബോധപൂർവം ഉപദ്രവിക്കാനും കൈയ്യിൽ പണം ഇല്ലാതിരിക്കാനുള്ള വെട്ടിക്കുറവുകളാണ് കേന്ദ്രത്തിൽനിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.