നവകേരള സദസ്സ്; കോൺഗ്രസിനും യു.ഡിഎഫിനും കേന്ദ്രത്തിന്റെ അതേ മാനസികാവസ്ഥ -മുഖ്യമന്ത്രി
text_fieldsതൃപ്പൂണിത്തുറ: കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ സമാപനവേദിയായ പുത്തന്‍കാവ് ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവേകരള സദസ്സ് ഏതെങ്കിലും കൂട്ടർക്കെതിരായ പരിപാടിയല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ബഹിഷ്കരണമെന്ന് മനസ്സിലാകുന്നില്ല. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സും ശുഷ്കമാകാൻ കഴിയുന്നതെല്ലാം ചിലർ ചെയ്തുനോക്കി. പറവൂരിൽ വൻ ജനാവലി പങ്കെടുത്തു.
ഇതിനെതിരെ എന്തെല്ലാമോ വിളിച്ചുപറയുന്ന തരത്തില്‍ തരംതാഴ്ന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറിന്റെ നിഷേധാത്മക സമീപനം സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നീതികരിക്കാനാകാത്ത കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിൽ നീരസം ഉണ്ടാകാം.
അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന കക്ഷിക്കും അത്തരം നീരസമുണ്ടാകാം. പക്ഷേ, കോണ്‍ഗ്രസിന് വിഷമമുണ്ടാകാനുള്ള കാരണം മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് എം. സ്വരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന് കടന്നപ്പിള്ളി, കെ. രാജന് എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാരും സംബന്ധിച്ചു.
തൃപ്പൂണിത്തുറയില്‍ 3458 നിവേദനം
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലംതല നവകേരള സദസ്സില്‍ 3458 നിവേദനം ലഭിച്ചു. 25 കൗണ്ടറാണ് ഒരുക്കിയത്. സ്ത്രീകള്‍, വയോജനങ്ങള്‍, പുരുഷന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകള്‍ തയാറാക്കിയിരുന്നു. നിവേദനങ്ങള്‍ എഴുതിനല്‍കാനും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പുതിയകാവ് ക്ഷേത്രം മൈതാനിയില്‍ സജ്ജീകരിച്ച വേദിയില്‍ സദസ്സ് ആരംഭിക്കുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.