ചർച്ച വിഫലം; സിനഡിനെതിരെ പ്രതിഷേധം കനപ്പിച്ച് അൽമായ മുന്നേറ്റം
text_fieldsകൊച്ചി: എറണാകുളം ബിഷപ്സ് ഹൗസിൽ അതിരൂപത വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരത്തിനു പിന്നാലെ സിനഡ് നേതൃത്വം അതിരൂപത ആലോചനസമിതിയെ വിളിച്ചുചേർത്ത ചർച്ച ഫലം കണ്ടില്ല. ഇതിൽ പ്രതിഷേധിച്ച് വൈദികരുടെ നിരാഹാരത്തിനൊപ്പം, സിനഡ് നടക്കുന്ന സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിനു മുന്നിൽ അൽമായ മുന്നേറ്റം അതിരൂപത സമിതി നേതൃത്വത്തിലും അനിശ്ചിതകാല നിരാഹാരം തുടങ്ങി.
ചർച്ച നടക്കുന്ന സമയത്തുതന്നെ അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ മൗണ്ട് സെൻറ് തോമസിലേക്ക് പന്തം കൊളുത്തി പ്രകടനം നടന്നു. ഇതിനു ശേഷമാണ് അൽമായ മുന്നേറ്റം അംഗം പ്രകാശ് പി. ജോൺ മൗണ്ട് സെന്റ് തോമസിന് മുന്നിൽ നിരാഹാരം ആരംഭിച്ചത്. ബിഷപ്സ് ഹൗസിൽ ബാബു കളത്തിലിന്റെ നിരാഹാരവും തുടരുകയാണ്.
പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് ഗേറ്റിന് മുന്നിൽ പട്ടട കൂട്ടി പ്രതീകാത്മകമായി സിനഡിന്റെ ചിത ഒരുക്കി. സിനഡ് മേധാവികൾ മൗണ്ട് സെന്റ് തോമസിലേക്ക് ചർച്ചക്ക് വിളിപ്പിച്ചെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
പ്രതിഷേധ യോഗം പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് ഉദ്ഘാടനം ചെയ്തു. അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, വിജിലൻ ജോൺ, ജോഷി തച്ചപ്പിള്ളി, ബോബി മലയിൽ, ജോമോൻ തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ, പ്രകാശ് പി. ജോൺ, പാപ്പച്ചൻ ആത്തപ്പിള്ളി, ജൈമി, ജയ്മോൻ, ജോൺ കല്ലൂക്കാരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
സിനഡ് അവസാനിക്കുന്ന വെള്ളി, ശനി ദിവസങ്ങളിലും നിരാഹാരവും കുത്തിയിരിപ്പ് സത്യഗ്രഹവും മൗണ്ട് സെന്റ് തോമസിന് മുന്നിൽ തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. രാവിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര് അതിരൂപത ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്നിരുന്നു.
വൈദിക യോഗത്തിൽ അതിക്രമിച്ചുകയറൽ; 13 പേർക്കെതിരെ കേസ്
ഓൺലൈനായി സംഘടിപ്പിച്ച എറണാകുളം-അങ്കമാലി അതിരൂപത വൈദിക കൂട്ടായ്മയിൽ അനധികൃതമായി പ്രവേശിച്ച് അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ വൈദികരുൾപ്പെടെ നിരവധിപേർക്കെതിരെ പൊലീസ് കേസെടുത്തു. 2021 ഡിസംബർ 20ന് അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആന്റണി കരിയിൽ വിളിച്ചുകൂട്ടിയ വൈദിക യോഗത്തിൽ (പ്രിസ്ബത്തെരിയം) മീറ്റിങ് ലിങ്ക് സംഘടിപ്പിച്ച് നുഴഞ്ഞുകയറിയശേഷം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത13 പേർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് സൈബർ പൊലീസ് കേസെടുത്തത്.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരക്കൽ, സിറോ മലബാർ സഭയുടെ മുൻ മീഡിയ കമീഷൻ സെക്രട്ടറി ഫാ. ആൻറണി തലച്ചെല്ലൂർ, ഉജ്ജൈൻ രൂപത വൈദികൻ ഫാ.ജെ.ജെ പുത്തൂർ, തക്കല രൂപത വൈദികൻ ഫാ. ഡെൻസി മുണ്ടുനടക്കൽ, തട്ടിപ്പുകേസ് പ്രതി ബിനു പി. ചാക്കോ, മാനന്തവാടി സ്വദേശി അനീഷ് ജോയ്, തലശ്ശേരി രൂപത വൈദികൻ ഫാ. ജോസഫ് പൗവത്ത്, സേവ്യർ, ബിബിൻ ജെ, ജെറ്റോ ലുക്ക് ജോയ്, ലിയോ ലൂക്കോസ്, റിബിൻ ജോസ് അരഞ്ഞാനിൽ, മനോജ് എം.സി തുടങ്ങിയവർക്കെതിരെയാണ് ബിഷപ്പിനെയും അതിരൂപതയെയും വൈദികരെയും അവഹേളിച്ചതിനും മതസ്പർധ ഉണ്ടാക്കിയതിനും കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.