മഹാമാരിയിൽ അന്നം മുട്ടി ജീവിതങ്ങൾ
text_fieldsനോട്ട് നിരോധനം മുതല്‍ തന്നെ കച്ചവടക്കുതിപ്പിന് കടിഞ്ഞാണിട്ട നിലയിലായിരുന്നു നെല്ലിക്കുഴിയിലെ ഫർണിച്ചർ വ്യവസായം. പിന്നീട് ജി.എസ്.ടിയും പ്രളയവും തരണം ചെയ്ത് മുന്നേറാനൊരുങ്ങുേമ്പാഴാണ് വീണ്ടും നട്ടെല്ലൊടിച്ച കോവിഡ് മഹാമാരിയുടെ വരവ്. ഇതോടെ പല സ്ഥാപനങ്ങളും കടക്കെണിയിലായി. കടം വീട്ടാനാകുമെന്ന പ്രതീക്ഷ പോലും വ്യാപാരികൾക്ക് നഷ്ടപ്പെട്ടു. ഒരുകാലത്ത് കേരളം നിറഞ്ഞു നിന്ന നെല്ലിക്കുഴി പെരുമ ഇപ്പോൾ വിസ്മൃതിയുടെ വക്കിലാണ്.
തകര്‍ച്ചയിൽനിന്ന് കരകയറാൻ ൈകകാലിട്ടടിച്ച് അവസാന ശ്രമവും നടത്തുകയാണ് ഇവിടുത്തെ വ്യാപാരമേഖല. ഇടത്തരം കുടുംബത്തില്‍ നിന്നെത്തി ചെറിയ മുതൽ മുടക്കിൽ തുടങ്ങിയ വ്യാപാരികളാണ് നെല്ലിക്കുഴി ഫർണിച്ചർ വ്യാപാര മേഖലയിലെ ഭൂരിപക്ഷം പേരും. ബാങ്ക് വായ്പ സംഘടിപ്പിച്ചും ചിട്ടി പിടിച്ചും പതുക്കെ വളർത്തിയെടുത്തതാണ് ഇന്നത്തെ കച്ചവടം. എന്നാല്‍, കോവിഡും മറ്റ് പ്രതിസന്ധികളും മൂലം സ്ഥാപനം അടച്ചിടേണ്ടി വന്നതോടെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് മാത്രമല്ല, വാടക നല്‍കാൻപോലും കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ.
ഇതിനിടെ നിർമാണവുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കളുടെ വിലവർധന പലെരയും പാടെ തളർത്തി. ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളുടെ ഉയർന്ന വാടക, മുറി വാടക വർധന എന്നിവ വേറെ. സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചതോടെ മത്സരവും കൂടി. പിടിച്ചുനിൽക്കാൻ പരമാവധി വില കുറച്ച് വിൽക്കുന്ന പ്രവണത പലരും സ്വീകരിച്ചതോടെ മറ്റ് പലരുെടയും കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തു.
ഇവിടെ ജോലി ചെയ്തിരുന്ന അന്തർസംസ്ഥാന തൊഴിലാളികളിലേറെയും തൊഴിലില്ലാതായതോടെ സ്വദേശത്തേക്ക് മടങ്ങി. മറ്റ് ജോലികൾക്ക് പോകാൻ സാഹചര്യമില്ലാതെ നാട്ടുകാരായ തൊഴിലാളികളും ദാരിദ്ര്യത്തിലായി. ഇതിനകം നിരവധി കച്ചവടക്കാര്‍ രംഗത്തുനിന്ന് പിന്മാറി. നല്ല കാലം വരുമെന്ന് പ്രതീക്ഷിച്ച് ഇനിയും കുറേ പേർ കാത്തിരിക്കുന്നുമുണ്ട്.
സൗജന്യ ഭക്ഷ്യക്കിറ്റിൽ അഭയം തേടി ഫര്‍ണിച്ചർ വാഹന തൊഴിലാളികൾ
നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വിപണിയോടൊപ്പം സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹനങ്ങളിലെ തൊഴിലാളികളും ദുരിതത്തിലാണ്. പലരും വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളുടെ തിരിച്ചടവ് മുടങ്ങിയിട്ട് മാസങ്ങളായി.
ഇന്ധന വിലവര്‍ധനക്കൊപ്പം കോവിഡ് മഹാമാരിയും ഇവരെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ വന്നതോടെ ബാറ്ററി ഉള്‍പ്പെടെയുള്ള ഉപകരണങ്ങൾ കേടുവന്നു.
പല വാഹനങ്ങളും കട്ടപ്പുറത്താണിപ്പോൾ. ഇന്‍ഷുറന്‍സ്, റോഡ് നികുതി തുടങ്ങിയവ ഉടൻ അടക്കാൻ കഴിയുമെന്ന പ്രതീക്ഷ പോലുമില്ല. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും മക്കള്‍ക്ക് പഠിക്കാന്‍ ആവശ്യമായ ഫോണുകളോ ബുക്കുകളോപോലും വാങ്ങാത്ത നിരവധി കുടുംബങ്ങളുണ്ട്. ഫർണിച്ചർ മേഖലയുടെ തകർച്ചക്കൊപ്പം വേദനിക്കുന്നതാണ് ഇവരുെട ജീവിതവും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.