നിരോധനത്തിന് പുല്ലുവില; പുകയില ഉൽപന്നങ്ങൾ വ്യാപകം
text_fieldsകൊച്ചി: നിരോധനങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടും ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകം. പാൻപരാഗ്, ഹാൻസ് അടക്കമുളള നിരോധിത പുകയില ഉൽപന്നങ്ങളാണ് വ്യാപകമായത്. അന്തർ സംസ്ഥാനക്കാരുടെ വരവോടെ ഇത്തരം സാധനങ്ങൾക്ക് ആവശ്യക്കാരേറി.
ഇതോടെ, നിരോധിത ഉൽപന്നങ്ങൾ മുക്കുംമൂലകളിലുംവരെ വ്യാപകമായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ തന്നെ ചില കേന്ദ്രങ്ങളിൽ നിന്നുമാണ് നിരോധിത ഉൽപന്നങ്ങളുടെ മൊത്ത വിപണനം. ഇത് അതത് ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിലുമുളള മൊത്ത കച്ചവടക്കാർക്ക് കൈമാറി അവരാണ് ചില്ലറ കച്ചവടത്തിനായി നൽകുന്നത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന പാക്കറ്റുകൾ മൂന്ന്-നാലിരട്ടി വിലയീടാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. കാര്യമായ പരിശോധനകളില്ലെന്നതും പിടിക്കപ്പെട്ടാൽ തന്നെ ശക്തമായ നിയമനടപടികളോ പിഴയോ ഇല്ലാത്തതും ഇവർക്ക് വളമാകുകയാണ്.
അന്തർ സംസ്ഥാനക്കാരും വിദ്യാർഥികളും പ്രധാന ഇടപാടുകാർ
സംസ്ഥാനത്ത് ഏറ്റവുമധികം അന്തർ സംസ്ഥാനക്കാരുളള ജില്ലയെന്ന നിലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ ഈറ്റില്ലമാണ് പല കേന്ദ്രങ്ങളും. ആലുവ, കളമശ്ശേരി, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ ബേക്കറി, പച്ചക്കറി കടകൾ തുടങ്ങി പല സ്ഥാപനങ്ങളിലും വിപണനം സുലഭമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിരോധനമുണ്ടെങ്കിലും ഇതും പ്രഹസനമാണ്. കടകളിലെ വിപണനത്തിന് പുറമേ വസ്ത്രങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയും ഹാൻസ് ഉൾപ്പെടെ വിൽപന നടത്തുന്നവരുണ്ട്. അന്തർ സംസ്ഥാനക്കാരുടെ വരവോടെ കൂണുപേലെ മുളച്ച് പൊന്തിയ മുറുക്കാൻ കടകളിലും ഇത്തരം സാമഗ്രികളുടെ തകൃതിയായ വിൽപനയാണ് നടത്തുന്നത്.
എക്സൈസ് പിടികൂടിയത് രണ്ട് ടൺ ഉൽപന്നങ്ങൾ
ജില്ലയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ എക്സൈസ് മാത്രം പിടികൂടിയത് 2162 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ്. പുകയില വിപണനത്തോടൊപ്പം നിരോധിത സ്ഥലത്ത് പുകവലിയും ചേർത്ത് ഒക്ടോബർ വരെ 6,875 കേസുകളാണ് ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നാമമാത്രമായ പിഴ നൽകി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാമെന്നതിനാൽ പലരും കുറ്റം ആവർത്തിക്കുകയാണ്.
ഇതേ സമയം തന്നെ സമാന കുറ്റത്തിന് ജില്ലയിൽ 2022ൽ 8859 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികൾ വ്യാപകമാകുമ്പോഴോ പ്രത്യേക കാമ്പയിന്റെ ഭാഗമായോ മാത്രമാണ് സജീവമായ പരിശോധനകൾ നടത്തുന്നത്. ഇതോടൊപ്പം ജീവനക്കാരുടെ കുറവും ജോലിഭാരവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാര്യക്ഷമമായ പരിശോധനകൾ നടത്തുന്നതിൽ വകുപ്പിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.