മാലിന്യസംസ്കരണം കൊച്ചിക്ക് ആശ്വാസമാകാൻ പുതിയ പ്ലാന്റ്
text_fields15 മാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്നു
കൊച്ചി: ജൈവമാലിന്യ സംസ്കരണം വലിയ തലവേദനയായി മാറിയ കൊച്ചി നഗരത്തിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയ ബി.പി.സി.എല്ലിന്റെ നിർദിഷ്ട ജൈവമാലിന്യ സംസ്കരണ പ്ലാന്റ് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷ. കോർപറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽനിന്ന് ബി.പി. സി.എല്ലിന് കൈമാറുന്ന 10 ഏക്കറിലാകും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക. 15 മാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് കരുതുന്നു.
പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി.സി.എൽ ഉപയോഗിക്കും. ബി.പി.സി.എൽ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് 150 കോടി മുടക്കിയാണ് പ്ലാന്റ് നിർമിക്കുക. പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കുകയും സംസ്കരണശേഷം ശേഷിക്കുന്ന അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കുകയും ചെയ്യും.
ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 350 കോടിയുടെ പ്ലാന്റിനായി സോൺട ഇൻഫ്രാടെക്കും കെ.എസ്.ഐ.ഡി.സിയും ഒപ്പുവെച്ച കരാർ നിലനിൽക്കെയാണ് സർക്കാർ പുതിയ പദ്ധതിയുമായി ബി.പി.സി.എല്ലിനെ സമീപിച്ചത്. വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിന് ടണ്ണിന് 3500 രൂപ ടിപ്പിങ് ഫീസ് കോർപറേഷൻ നൽകേണ്ടിവരും. ഇത് നിലവിൽ മാലിന്യ സംസ്കരണത്തിന് ചെലവഴിക്കുന്നതിലും കൂടുതലാണെന്നതിനാൽ കോർപറേഷൻ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പദ്ധതി റദ്ദാക്കണമെന്ന ആവശ്യമാണ് നഗരസഭയിൽ പ്രതിപക്ഷവും ഉന്നയിച്ചത്. ബ്രഹ്മപുരത്തെ മാലിന്യം സംസ്കരിക്കാനുള്ള ബയോമൈനിങ് കരാർ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നത് സോൺട കമ്പനിയാണ്. ഇതിനിടെയാണ് കഴിഞ്ഞ മാർച്ച് രണ്ടിന് വൈകീട്ട് നാലരക്ക് ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതോടെ, ദിവസങ്ങളോളം കൊച്ചി ദുരിതത്തിലായി. നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ഈ കമ്പനിക്കെതിരെ രംഗത്ത് വരാൻ കാരണവും ഇതാണ്.
പരിസ്ഥിതിസൗഹൃദ രീതിയിൽ ചെലവ് കുറച്ച് മാലിന്യ സംസ്കരണം സാധ്യമാകുന്ന ബി.പി.സി.എൽ പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾക്കും ഏറെ പ്രതീക്ഷയുണ്ട്.
പ്ലാന്റ് പ്രവർത്തനം 2025ഓടെ
ബി.പി.സി.എൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന് മന്ത്രിസഭാംഗീകാരം ലഭിച്ചതിലൂടെ ജില്ലയുടെ വ്യവസായിക വികസനത്തിന് ഉതകുന്ന രീതിയിലുള്ള പദ്ധതിക്കാണ് എല്ലാ അനുമതികളും ലഭ്യമായിട്ടുള്ളതെന്ന് കൊച്ചി മേയർ എം. അനിൽകുമാർ പറഞ്ഞു.
ഒട്ടും വൈകാതെ ബി.പി.സി.എല്‍ ഈ പദ്ധതി ടെൻഡര്‍ ചെയ്യും. 2024 ജനുവരിയില്‍ ആരംഭിച്ച് 2024ല്‍ തന്നെ നിർമാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് മേയറെന്ന നിലയിലുള്ള പ്രതീക്ഷ. 2025ഓടെ പുതിയ പ്ലാന്റ് ബ്രഹ്മപുരത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയും. 10 വര്‍ഷക്കാലത്തെ മെയിന്റനന്‍സ് കൂടി ഉള്‍പ്പെടുന്ന പ്ലാന്റാണ് ബി.പി.സി.എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്ലാന്റ് വിഭാവനം ചെയ്യുന്നത്. 150 ടണ്‍ എന്നതിന് പകരം കൂടുതല്‍ ഭക്ഷണ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
അതിനുകൂടി കഴിയുന്ന സാങ്കേതികവിദ്യയുള്ള പ്ലാന്റ് നിര്‍മാണമാണ് നടക്കുക. അതോടെ കൊച്ചി നഗരസഭക്കും ചുറ്റുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ പ്ലാന്റിനെ ആശ്രയിക്കാന്‍ കഴിയും. ബി.പി.സി.എല്ലിന് ആവശ്യമായ എല്ലാ സഹായവും കൊച്ചി നഗരസഭ നല്‍കും. പ്ലാന്റ് സംബന്ധിച്ച വിശദമായ ഒരു അവതരണം കൗണ്‍സില്‍ മുമ്പാകെ കമ്പനി നടത്തുമെന്നും മേയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.