കൊച്ചി തുറമുഖത്തിന് ഉണർവേകാൻ പുതിയ ദേശീയപാത; വിശദ പദ്ധതിരേഖ ഒരു മാസത്തിനുള്ളിൽ
text_fieldsകൊച്ചി: വൈറ്റില-അരൂർ എൻ.എച്ച് 66 ബൈപാസിൽനിന്ന് വെലിങ്ടൺ ഐലൻഡ് വരെയുള്ള കൊച്ചിയിലെ പുതിയ തുറമുഖ കണക്ടിവിറ്റി നാഷനൽ ഹൈവേ കോറിഡോറിനായുള്ള വിശദമായ പദ്ധതിരേഖ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.
നിലവിൽ കൊച്ചി തുറമുഖം അൽപം മോശം അവസ്ഥയിലാണെന്നും വൈറ്റില-അരൂർ എൻ.എച്ച് 66 ബൈപാസിൽനിന്ന് വെലിങ്ടൺ ഐലൻഡ് വരെയുള്ള പുതിയ ദേശീയപാത കൊച്ചി തുറമുഖത്തിന് സാമ്പത്തിക ഉണർവും വികസനവും പ്രദാനം ചെയ്യാൻ പര്യാപ്തമാണെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. തുറമുഖ വികസനത്തിന് മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്കരി അറിയിച്ചു.
ഇന്ത്യയിലാകെ തുറമുഖ ബന്ധിതമായ എട്ട് ദേശീയ പാതകളുടെ നിർമാണത്തിന് 1,25,000 കോടി രൂപ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. വൈറ്റില-അരൂർ എൻ.എച്ച് 66 ബൈപാസിൽനിന്ന് വെലിങ്ടൺ ദ്വീപ് വരെയുള്ള പുതിയ ദേശീയപാതക്ക് പുറമെ ആലപ്പുഴയിലും അഴീക്കലും രണ്ട് പാതകൂടി വരാനുണ്ടെന്നും മന്ത്രി മറുപടി നൽകി.
വൈറ്റില-അരൂർ എൻ.എച്ച് 66 ബൈപാസിൽനിന്ന് വെലിങ്ടൺ ദ്വീപ് വരെയുള്ള പുതിയ ദേശീയപാത, നെട്ടൂർ-കുണ്ടന്നൂർ ജങ്ഷൻ-സി.ഐ.എഫ്.ടി ജങ്ഷൻ ഇടനാഴിയിലെ തിരക്ക് കുറക്കുന്നതിന് പുറമെ, നിർദിഷ്ട ഹൈവേ എൻ.എച്ച് 66 ബൈപാസിൽ നെട്ടൂരിൽനിന്ന് കൊച്ചി തുറമുഖത്തേക്കുള്ള കണക്ടിവിറ്റി ഗണ്യമായി വർധിപ്പിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.