പുതുവത്സരാഘോഷം: കൊച്ചി കർശന നിരീക്ഷണത്തിൽ
text_fieldsകൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് കൊച്ചിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രധാനപ്പെട്ട എല്ലാ ജങ്ഷനിലും പട്രോളിങ് പാർട്ടിയെ നിയോഗിച്ചു. രാത്രി പട്രോളിങ്ങിന് 23 സി.ആർ.വികളും 23 സ്റ്റേഷൻ െമാബൈലുകളും റോമിയോ പട്രോളിങ് പാർട്ടിയെയും ഫുട്ട് പട്രോളിങ് പാർട്ടിയെയും ട്രാഫിക് പൊലീസിനെയും നിയോഗിച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ എൌശ്വര്യ ഡോംഗ്രെ അറിയിച്ചു.
അമിവേഗം, ഗതാഗത നിയമലംഘനം, അനധികൃത പാർക്കിങ് എന്നിവക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. പ്രധാന ഷോപ്പിങ് മാളുകളിലും തിരക്കേറിയ ജങ്ഷനുകളിലും യൂണിഫോമിലും അല്ലാതെയും പൊലീസിനെ വിന്യസിച്ചുണ്ട്. ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന മോഷ്ടാക്കളെ നിരീക്ഷിക്കാനും ബസുകളിലെ മോഷണം തടയാനും നിരീക്ഷണം ശക്തമാക്കി. നിരോധിത ഉൽപന്നങ്ങളുടെ കടത്തലും വിപണനവും കർശനമായി തടയും.
സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിർഭയ ആപ് ഇൻസ്റ്റാൾ ചെയ്ത് പൊലീസിനെ വിളിക്കുകയോ അല്ലെങ്കിൽ എമർജൻസി നമ്പറായ 112 മുഖേന ബന്ധപ്പെടുകയോ ചെയ്യാം. മയക്കുമരുന്ന് മാഫിയയെക്കുറിച്ച വിവരങ്ങൾ 9995966666 വാട്സ് ആപ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിേലക്ക് വിഡിയോ, ഓഡിയോയായി അയക്കാം.
കുമ്പളങ്ങി പാർക്കിൽ കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി
പള്ളുരുത്തി: കുമ്പളങ്ങി പാർക്കിൽ കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഇക്കുറി ഫോർട്ട്കൊച്ചിയിൽ പപ്പാഞ്ഞിയെ തയാറാക്കിയിട്ടില്ലെങ്കിലും കുമ്പളങ്ങി പാർക്കിൽ 20 അടി ഉയരത്തിലാണ് പപ്പാഞ്ഞി ഒരുക്കിയിരിക്കുന്നത്.
കുമ്പളങ്ങി ശ്യാം നടുവിലത്തറ, സുഹൃത്തുക്കളായ സുജേഷ്, ഷാൻ, വിജിൽ, ഷെറി, ശെൽവൻ എന്നിവർ ചേർന്നാണ് 10 ദിവസം നീണ്ട പ്രവർത്തനത്തിലൂടെ കുമ്പളങ്ങി പാർക്കിനുവേണ്ടി പപ്പാഞ്ഞിയെ തയാറാക്കിയത്. മുള, ചാക്ക്, പേപ്പർ, തുണി, കമ്പി എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്.
ഫോർട്ട്കൊച്ചിയിൽ എല്ലാ വർഷവും ഒരുക്കുന്ന കൂറ്റൻ പപ്പാഞ്ഞിയെ 31ന് അർധരാത്രി കത്തിക്കുകയാണ് പതിവ്. ഈ കാഴ്ച കാണാൻ പതിനായിരങ്ങൾ കൊച്ചിയിൽ എത്താറുണ്ട്.
പ്രത്യേക സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കാനാണ് ഇത്തവണ കാർണിവൽ കമ്മിറ്റി പപ്പാഞ്ഞി വേണ്ടെന്നുവെച്ചത്. അതേസമയം രാത്രി പത്തിനുമുമ്പ് ആഘോഷ പരിപാടികൾ അവസാനിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നതിനാൽ കുമ്പളങ്ങിയിലെ പപ്പാഞ്ഞിയെ തീയിടാൻ തീരുമാനിച്ചിട്ടില്ലെന്ന് ശ്യാം നടുവിലത്തറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.