മറൈൻ ഡ്രൈവ് രാത്രി അടച്ചിടൽ; പ്രതിഷേധം ശക്തം
text_fieldsകൊച്ചി: മെട്രോ നഗരത്തിന്റെ തിലകക്കുറിയായ മറൈൻ ഡ്രൈവ് വാക്ക് വേ രാത്രി 10 മുതൽ പുലർച്ച അഞ്ചു വരെ അടച്ചിടാനുള്ള ജി.സി.ഡി.എ തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. ജനപ്രതിനിധികൾ, പൊതുജന കൂട്ടായ്മകൾ, യാത്രക്കാർ, നഗരവാസികൾ തുടങ്ങിയവരുടെ ഭാഗത്തുനിന്നാണ് രാത്രിനിരോധനത്തിനെതിരെ എതിർപ്പുയർന്നിരിക്കുന്നത്.
മറൈൻഡ്രൈവിലെ സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി ഉപയോഗവും നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് രാത്രി പത്തുമുതൽ പുലർച്ച വരെ പ്രദേശം അടച്ചുകെട്ടാൻ മേയർ എം. അനിൽകുമാറും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചത്. തൽക്കാലം ഒരു മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ രാത്രി നിയന്ത്രണം നടത്തുന്നത്.
അധികൃതർ സദാചാര പൊലീസ് ചമയുന്നു -എം.പി
കൊച്ചി: രാത്രി 10 മുതൽ പുലർച്ച അഞ്ച് വരെ മറൈൻഡ്രൈവിൽ ഏർപ്പെടുത്തിയ സന്ദർശക നിയന്ത്രണം പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം.പി. വിഷയത്തിൽ ജി.സി.ഡി.എയും കൊച്ചി കോർപറേഷനും സദാചാര പൊലീസ് ചമയുകയാണ്. ആധുനിക സമൂഹത്തിന് ചേർന്ന നടപടിയല്ല ഇത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
പിന്നിൽ പൊലീസ് വീഴ്ച -എം.എൽ.എ
സാമൂഹ്യവിരുദ്ധ ശല്യം ചൂണ്ടിക്കാട്ടി മറൈൻ ഡ്രൈവ് വാക്ക്-വേ രാത്രി അടച്ചിടേണ്ടി വരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ കുറ്റപ്പെടുത്തി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചല്ല ക്രമസമാധാന പാലനം ഉറപ്പ് വരുത്തേണ്ടത്. രാത്രികാലങ്ങളിൽ മറൈൻ ഡ്രൈവ് ലഹരി, ക്വട്ടേഷൻ സംഘങ്ങളുടെ പിടിയിലാവാൻ കാരണം പൊലീസും എക്സൈസ് വകുപ്പും കാണിക്കുന്ന അലംഭാവം മാത്രമാണ്. പൊലീസിന്റെ ദൗർബല്യം മറയ്ക്കാൻ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമായി അധികാരികൾ തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും, ജനപ്രതിനിധിയായ തന്നോട് പോലും ആലോചിക്കാതെയാണ് തീരുമാനം കൈക്കൊണ്ടതെന്നും എം.എൽ.എ വ്യക്തമാക്കി.
യൂസർ ഫീ അടിച്ചേൽപ്പിക്കാനുള്ള നീക്കം-ജനകീയ പ്രതിരോധ സമിതി
മറൈൻ ഡ്രൈവിൽ രാത്രി പ്രവേശനം നിരോധിച്ചുള്ള ഉത്തരവിന് പിന്നിൽ യൂസർ ഫീ അടിച്ചേൽപ്പിക്കാനുള്ള കൗശല നീക്കമാണെന്ന് ജനകീയ പ്രതിരോധ സമിതി ജില്ല കമ്മിറ്റി ആരോപിച്ചു.
സമീപ ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് വഴി ഒരുക്കുമെന്നതിനാൽ നടപടിയിൽനിന്നും നഗരസഭയും ജി.സി.ഡി.എ.യും പിന്തിരിയണമെന്ന് സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി. മത്തായി, സി.ആർ. നീലകണ്ഠൻ, ഹാഷിം ചേന്ദംപള്ളി, ജോർജ് ജോസഫ്, ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവരാണ് കൂട്ടായ്മയിലൂടെ ഇക്കാര്യം ആവശ്യപ്പെടുന്നത്.
വേണ്ടേ നൈറ്റ് ലൈഫ്
യുവതലമുറയുടെ സ്വന്തം ഇടമായ കൊച്ചിയിൽ നൈറ്റ് ലൈഫ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ, രാത്രിയിൽ പ്രവർത്തിക്കുന്ന വിനോദ ഇടങ്ങളും പൊതു ഇടങ്ങളും കുറവായതിനാൽ മറൈൻ ഡ്രൈവ് വാക്ക് വേ ഉൾെപ്പടെയുള്ളവയാണ് ചെറുപ്പക്കാരുടെ ആശ്വാസം. ഈ സാഹചര്യത്തിൽ അടച്ചിടുന്നതിനു പകരം പൊലീസുൾെപ്പടെയുള്ളവരുടെ ശക്തമായ നിരീക്ഷണമാണ് വേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ തത്സമയ പരിശോധന, കൃത്യമായ നൈറ്റ് പട്രോളിങ്, ഡ്രോൺ നിരീക്ഷണം ഉൾെപ്പടെ നടപടികളിലൂടെ സാമൂഹ്യവിരുദ്ധ ശല്യം ഇല്ലാതാക്കാമെന്നും ചെറുപ്പക്കാരുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.