ഡീസലടിക്കാൻ പണമില്ല; മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ കട്ടപ്പുറത്ത്
text_fieldsകാക്കനാട്: ഡീസലടിക്കാൻ പണമില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനങ്ങൾ മാസങ്ങളായി കട്ടപ്പുറത്ത്. ഇതോടെ വാഹന പരിശോധന ഉൾപ്പെടെ നിലച്ച സ്ഥിതിയിലായി. ഇന്ധനച്ചെലവിന് തുക അനുവദിക്കാതെ വന്നതോടെയാണ് ഈ അവസ്ഥ. പെട്രോൾ പമ്പുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ സ്ഥിതി രൂക്ഷമായി. കാക്കനാട് പ്രവർത്തിക്കുന്ന മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറേറ്റിലും എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലും ഇതിന് കീഴിലുള്ള അഞ്ച് സബ് ആർ.ടി.ഓഫിസുകളിലുമായി പത്ത് ലക്ഷത്തോളം രൂപയുടെ കുടിശ്ശികയാണ് ഉള്ളത്.
മോട്ടോർ വാഹന വകുപ്പിന് കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കി തരുന്ന ഓഫിസാണ് എറണാകുളത്തേത്. 430 കോടിയിൽ അധികം രൂപയാണ് പിഴയിനത്തിലും മറ്റുമായി ഇവിടെനിന്ന് ലഭിക്കുന്നത്.
എന്നിട്ടും ഇന്ധനത്തിനുള്ള തുക അനുവദിക്കാത്തതിൽ വകുപ്പിന് അകത്തു തന്നെ മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. വാഹന പരിശോധന ഉൾപ്പെടെ എൻഫോഴ്സ്മെന്‍റ് ജോലികൾക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നത്. എറണാകുളത്ത് മാത്രം നിരവധി വാഹനങ്ങൾ ഇതിനായി ഉണ്ടായിരുന്നതിൽ രണ്ടോ മൂന്നോ എണ്ണം മാത്രമാണ് വാഹന പരിശോധനക്ക് ഉപയോഗിക്കുന്നത്. വിവിധ കേസുകളിൽ പെട്ട വാഹനങ്ങളുടെ പരിശോധന ഉൾപ്പെടെയുള്ള ജോലികളും മുടങ്ങിയ സ്ഥിതിയാണ്. ഒരു മാസം കൂടി നിലവിലെ അവസ്ഥ തുടരുമെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പമ്പുകളിൽനിന്ന് കടമായി വാങ്ങിയശേഷം പണം ലഭിക്കുന്നതിനനുസരിച്ച് തിരിച്ചടക്കുന്നതാണ് രീതി. കുറച്ചു നാളായി ഇതും പറച്ചിൽ മാത്രമായി മാറിയിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. ഡീസലിന് അനുവദിച്ച തുക പഴയ ഇന്ധന വില പ്രകാരമാണെന്നും ജീവനക്കാർ പറയുന്നു.
നേരത്തേ 100 ലിറ്റർ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 70 ലിറ്ററോളമേ ഉള്ളൂ. എത്രയും വേഗം കുടിശ്ശിക അടച്ച് തീർത്തു ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.