പെൻഷൻ കുടിശ്ശികയൊന്നുമില്ല; പ്രവാസി ക്ഷേമ ബോർഡ് പ്രവർത്തനം മികച്ച രീതിയിൽ
text_fieldsകൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽപെട്ട് സംസ്ഥാനത്തെ പല സർക്കാർ വകുപ്പുകളും വിവിധ പദ്ധതികൾ നിർത്തിവെക്കുകയും ചെലവുകൾ വെട്ടിച്ചുരുക്കുകയും ചെയ്യുമ്പോൾ, മികച്ച പ്രവർത്തനം കാഴ്ചവെച്ച് സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ്.
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ക്ഷേമ ബോർഡിൽ ഇതുവരെ പെൻഷൻ മുടക്കമോ കുടിശ്ശികയോ ഉണ്ടായിട്ടില്ല. ഏഴു ലക്ഷത്തിലേറെ അംഗങ്ങൾ രജിസ്റ്റർ ചെയ്ത ബോർഡിൽ 40,000ത്തിനടുത്ത് ആളുകൾക്ക് ഇതുവരെ പെൻഷൻ അനുവദിച്ചിട്ടുണ്ട്.
ഒക്ടോബർ വരെയുള്ള പെൻഷൻ വിതരണം ചെയ്തതായി വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. ആകെ 37,877 പേർക്കാണ് പദ്ധതി പ്രകാരം പെൻഷൻ അനുവദിച്ചത്.
അംഗങ്ങളുടെ വിദേശ ജോലിയുടെ സ്വഭാവമനുസരിച്ച് മൂന്നു കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവർ ഒന്ന് എ വിഭാഗവും രണ്ടു വർഷമെങ്കിലും ജോലി ചെയ്ത് തിരിച്ചുവന്ന് കേരളത്തിൽ സ്ഥിരതാമസമാക്കിയവർ ഒന്ന് ബി വിഭാഗവും കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി ആറു മാസമായെങ്കിലും താമസിച്ചു വരുന്നവർ രണ്ട് എ വിഭാഗത്തിലും ഉൾപ്പെടുന്നു.
ഒന്ന് എ വിഭാഗത്തിന് പ്രതിമാസ അംശാദായം 350 രൂപയും പെൻഷൻ 3500 രൂപയുമാണ്. ഒന്ന് ബി, രണ്ട് ബി വിഭാഗത്തിന് അംശാദായം 200 രൂപയാണ്. വൺ ബി വിഭാഗത്തിന് 3000 രൂപ പെൻഷൻ ലഭിക്കും. പെൻഷൻ ലഭിക്കുന്നതിനു മുമ്പുള്ള കാലയളവിൽ വിവാഹ ധനസഹായം, വിദ്യാഭ്യാസ, ചികിത്സ, ധനസഹായങ്ങൾ, പ്രസവാനുകൂല്യം തുടങ്ങിയവ ലഭ്യമാവും.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകും വരെ അംശാദായം അടച്ചവർക്കാണ് പെൻഷൻ ലഭിക്കുക. 2009 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ബോർഡിന് 2016-17 കാലയളവു മുതലാണ് സർക്കാർ ധനസഹായം ലഭിച്ചുതുടങ്ങിയത്.
2016-17ൽ രണ്ടു കോടി, 2017-18ൽ രണ്ടു കോടി, 2018-19ൽ 4.4 കോടി, 2019-20ൽ 3.5 കോടി, 2020-21ൽ 7.5 കോടി, 2021-22ൽ 10.5 കോടി, 2022-23ൽ 8.8 കോടി എന്നിങ്ങനെയാണ് ലഭിച്ച സർക്കാർ ധനസഹായം. ആകെ 38 കോടിയാണ് ഈയിനത്തിൽ ക്ഷേമനിധി ബോർഡിനു ലഭിച്ചതെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.