പൊലീസില്ല; അതിരാവിലെ തിരക്കിലമര്‍ന്ന് പെരുമ്പാവൂർ
text_fieldsപെരുമ്പാവൂര്‍: രാവിലെ ഗതാഗത നിയന്ത്രണത്തിന് പൊലീസില്ലാത്തതുകൊണ്ട് പെരുമ്പാവൂർ ടൗൺ തിരക്കിലമരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് ശേഷം ഔഷധി ജങ്ഷനിലുണ്ടായ ഗതാഗതകുരുക്ക് എം.സി റോഡിലെയും ആലുവ മൂന്നാര്‍ റോഡിലേയും യാത്രക്കാരെ ബാധിച്ചു. ഇതിനിടെ ഔഷധി ജങ്ഷനില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടു. ജീവനക്കാര്‍ ഗതാഗതം നിയന്ത്രിച്ചാണ് ബസുകള്‍ കടന്നുപോയത്. മണിക്കൂറുകള്‍ വാഹനങ്ങള്‍ അനങ്ങാനാകാത്ത സ്ഥിതിയായിട്ടും നിയന്ത്രിക്കാന്‍ പൊലീസില്ലാത്തത് വിനയായി.
കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് റോഡ്, പി.പി റോഡ്, സിവില്‍ സ്റ്റേഷന് റോഡ് തുടങ്ങിയ വഴികളെല്ലാം വാഹനങ്ങളാല്‍ നിറഞ്ഞു. ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിവെച്ചതോടെ സമീപ സ്ഥലങ്ങളിലേക്ക് പോകേണ്ടതായ വയോധികരും സ്ത്രീകളും പ്രതിസന്ധിയിലായി. സാധാരണ ദിവസങ്ങളിൽ രാവിലെ ആറ് മുതല്‍ വാഹനങ്ങളുടെ തിരക്കാണ്. ഈ സമയം മുതല്‍ സ്കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങും. ഔഷധി ജങ്ഷന്, മാര്‍ക്കറ്റ് ജങ്ഷന്, എക്സൈസ് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ ട്രാഫിക് പൊലീസിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ ഗതാഗത നിയന്ത്രണം താളം തെറ്റും.
ഇട റോഡുകള്‍ പലതും തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പ്രധാന റോഡുകളിലൂടെയാണ് പോകുന്നത്. ഓരോ ഭാഗത്തും രണ്ട് വീതം പൊലീസുകാര്‍ ഉണ്ടായാലേ കുറച്ചെങ്കിലും നിയന്ത്രണമാകു. എന്നാല്‍ പലപ്പോഴും പ്രധാന ഭാഗങ്ങളില്‍ ഒരു പൊലീസുകാരന്റെ സേവനമാണുള്ളത്. സിവില്‍ സ്റ്റേഷന് ജങ്ഷന്, താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പൊലീസില്ലെന്ന ആക്ഷേപം പരിഹരിക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.