ഫോർട്ട്കൊച്ചി മേഖലയിൽ ശൗചാലയ സൗകര്യമില്ല; വലഞ്ഞ് സഞ്ചാരികൾ
text_fieldsഫോർട്ട്കൊച്ചി: ലോക പൈതൃക ടൂറിസം മാപ്പിൽ ഇടംപിടിച്ച ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകൾ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തത് വിനയാകുന്നു. സഞ്ചാരികൾ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് ശുചിമുറികളില്ല. സഞ്ചാരികളുടെ പറുദീസയായി മുൻകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്ന ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി ബീച്ച് മേഖലയിലാണ് ഈയവസ്ഥ.
കടപ്പുറത്തുണ്ടായിരുന്ന നഗരസഭയുടെ ശുചിമുറി വർഷങ്ങളായി തകർന്നുകിടക്കുകയാണ്. കടപ്പുറത്തിന് സമീപത്തായി പരേഡ് മൈതാനത്തിന് പടിഞ്ഞാറുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ ശുചിമുറിയാകട്ടെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ പാർക്കിലെ കൊച്ചി നഗരസഭയുടെ ശുചിമുറിയും മാസങ്ങളായി അടഞ്ഞു കിടപ്പാണ്. ഇരുകൂട്ടരും ശുചിമുറി തുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
കടപ്പുറത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി ഫോർട്ടുകൊച്ചി ബസ് സ്റ്റാന്റിൽ ശുചിമുറി ഉണ്ടെങ്കിലും വൃത്തി ഹീനമാണെന്നാണ് പരാതി. കടപ്പുറത്തും പരിസരത്തും ആളുകള്‍ ഇപ്പോള്‍ റോഡരികിലാണ് കാര്യം സാധിക്കുന്നത്. എന്നാൽ, സ്തീകൾക്ക് ഒരു തരത്തിലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ഫോർട്ടുകൊച്ചി ഗാമ സ്ക്വയറില്‍ ദുര്‍ഗന്ധം മൂലം നില്ക്കുവാന് പോലും കഴിയാത്ത അവസ്ഥയാണ്.
പല പ്രധാനപ്പെട്ട പരിപാടികളും നടക്കുന്ന വാസ്ക്കോഡ ഗാമ സ്ക്വയറിലെ സ്റ്റേജിന്റെ പിറകുവശം ഇപ്പോള്‍ ഏതാണ്ട് ഒരു ശുചിമുറി പോലെയായി മാറിയിരിക്കുന്ന അവസ്ഥയാണ്. ഇവിടെ പരിപാടി നടക്കുമ്പോള്‍ മൂക്ക് പൊത്തിയല്ലാതെ ഇരിക്കുവാന് കഴിയില്ല. കോടി കണക്കിന് രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ ഉപയോഗിക്കുന്നത്. പപ്പാ സ്ക്വയര്‍ സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ ഭാഗത്ത് ആധുനിക സംവിധാനങ്ങളോടെ ശുചിമുറിനിര്മിച്ചാല് അത് വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമായി മാറുമെന്നിരിക്കെ അധികൃതര്‍ ഇതൊന്നും ചെയ്യാതെ കോടികള്‍ നശിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.