പനയക്കടവ്-പുത്തൻതോട്ടിൽ ജലമൊഴുക്കില്ല; നവീകരണത്തിന് മുറവിളി ഉയരുന്നു
text_fieldsചെങ്ങമനാട്: ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ പനയക്കടവ്-പുത്തൻതോട് ഇറിഗേഷൻ കനാലിലൂടെ ജലമൊഴുക്ക് സുഗമമല്ലാത്തതിനാൽ പമ്പിങ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം.
വശങ്ങളിൽ കാടുമൂടുകയും തീരങ്ങൾ ഇടിഞ്ഞ് മണ്ണും പായലും മുള്ളൻചണ്ടിയും നിറഞ്ഞുമാണ് തോട്ടിൽ ഒഴുക്ക് നിലച്ചത്. പുത്തൻതോട് പമ്പ് ഹൗസിലെ കുളത്തിലേക്കുള്ള വെള്ളമൊഴുക്കിന് തടസ്സമുള്ളതിനാലാണ് പമ്പിങ് കാര്യക്ഷമമല്ലാത്തത്. അതിനാൽ കുറുപ്പനയം പ്രദേശമടക്കം ഏക്കറുകണക്കിന് നെൽകൃഷികളെ അടക്കം സാരമായി ബാധിച്ചതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
പെരിയാറിന്റെ കൈവഴിയുടെ ഭാഗമാണ് പാനായിത്തോട്. ഇവിടെ നിന്നാണ് ജലമൊഴുകുന്നത്. പണ്ട് ഒരേസമയം മണ്ണ് കയറ്റിയ മൂന്ന് ഭീമൻ വള്ളങ്ങൾ സഞ്ചരിച്ചിരുന്ന തോടാണ് കൈയേറ്റവും സംരക്ഷണവും ഇല്ലാതെ നാശത്തിലായത്.
അതിനിടെയാണ് തോടിന് കുറുകെ പനയക്കടവ് പാലവും നിർമിച്ചത്. പനയക്കടവ്-പുത്തൻതോട് കനാൽ ശുചീകരണത്തിന് കാലങ്ങളായി കേന്ദ്ര, സംസ്ഥാന, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പദ്ധതികളിലടക്കം ഉൾപ്പെടുത്തി ശുചീകരിച്ചെങ്കിലും ശാശ്വത പരിഹാരമായില്ല. ഏതാനും വർഷം മുമ്പ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ടി.എ. ഇബ്രാഹിംകുട്ടി മുൻകൈയെടുത്ത് കേന്ദ്രാവിഷ്കൃത നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് നീക്കി, ആഴവും വീതിയും കൂട്ടി തോട് നവീകരിക്കുകയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വശങ്ങളിൽ മണ്ണിട്ടുറപ്പാക്കി രാമച്ചം വെച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രഭാത, സായാഹ്ന സവാരിക്കാർക്കും പ്രദേശവാസികൾക്കും പുത്തൻതോട് ഭാഗത്തേക്ക് എളുപ്പത്തിലെത്താനും സഹായകമായിരുന്നുവെങ്കിലും തുടർ സംരക്ഷണമോ, കാലാകാലങ്ങളിലുള്ള സംരക്ഷണമോ, നവീകരണമോ ഏർപ്പെടുത്താതിരുന്നതുമാണ് തോട് പ്രയോജനരഹിതമായ അവസ്ഥയിലാകാൻ കാരണമായതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.