ശബ്ദ മലിനീകരണം; ബി.പി.സി.എല്ലിന് ചുറ്റും സ്ഥിരം നിരീക്ഷണ കേന്ദ്രങ്ങൾ വേണമെന്ന് പി.സി.ബി
text_fieldsകൊച്ചി: അമ്പലമുകൾ ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ശബ്ദ മലിനീകരണ പരിശോധന സുതാര്യമാക്കുന്നതിന് സ്ഥിരം നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. ശബ്ദ മലിനീകരണം പരിശോധിക്കുമ്പോൾ മാത്രം ഫാക്ടറികൾ കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിപ്പിക്കുന്നതായി തദ്ദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് ഇത്. രാത്രി മിന്നൽ പരിശോധന നടത്തി ശബ്ദ മലിനീകരണം നിരീക്ഷിക്കാമെന്നും ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
തദ്ദേശവാസികൾ നൽകിയ ഹരജിയെത്തുടർന്ന് ഹരിത ട്രൈബ്യൂണലിെൻറ നിർദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് പ്രദേശത്ത് ശബ്ദ പരിശോധന നടത്തിയിരുന്നു. ബി.പി.സി.എല്ലിന് ഒപ്പം വികസന പ്രൊജക്ടറുകളായ ഐ.ആർ.ഇ.പി, എം.എസ്.ബി.പി, പ്രോഡ് എയർ പ്രോഡക്ട്സ്, പി.ഡി.പി.പി എന്നിവയിൽനിന്നുയരുന്ന ശബ്ദത്തിെൻറ തോതും നിരീക്ഷിച്ചു.
പി.ഡി.പി പ്ലാൻറ് സ്ഥിതി ചെയ്യുന്ന കക്കാട്, അടൂർക്കര, എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റിന് സമീപത്തെ കുഴിക്കാട് റെസിഡൻറ്സ് അസോസിയേഷൻ, ബി.പി.സി.എൽ, എച്ച്.ഒ.സി.എൽ കമ്പനികൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന അയ്യൻകുഴി, സൾഫർ റിക്കവറി പ്ലാന്റിന് സമീപത്തെ നീർമൽ പ്രദേശം, 75 കുടുംബം താമസിക്കുന്ന പുളിയാപ്പിള്ളിമുകൾ റെസിഡൻറ്സ് അസോസിയേഷൻ പ്രദേശം, ബി.പി.സി.എൽ പ്രധാന പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ 16ാംവാർഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ശബ്ദ പരിശോധന.
കക്കാട്, അടൂർക്കര മേഖലകളിൽ നിരീക്ഷണ സമയത്ത് കുറഞ്ഞതോതിലെ ശബ്ദമാണ് വ്യവസായങ്ങൾ പുറപ്പെടുവിച്ചതെന്ന് ജനങ്ങൾ അറിയിച്ചു. നീർaമലിൽ സമീപത്തെ വ്യവസായ മോണിറ്ററിങ് സ്റ്റേഷനിലെ ശബ്ദമാപിനിയിൽ തെളിഞ്ഞതിൽ കൂടുതൽ ശബ്ദം പി.സി.ബി സ്ഥാപിച്ച മോണിറ്ററിങ് സ്റ്റേഷനിൽ ഉയരുന്നതായി കണ്ടെത്തി. കക്കാട്, അടൂർക്കര, പുളിയാമ്പള്ളി ഒഴികെയുള്ള മേഖലകളിൽ എല്ലാം പകൽ അനുവദനീയമായ പരിധിയായ 55 ഡെസിബലിന് മുകളിലാണ് ശബ്ദം. ജനവാസ കേന്ദ്രങ്ങളിൽ രാത്രി അനുവദനീയ പരിധിയായ 45 ഡെസിബലിനും മുകളിലാണ് ശബ്ദം ഉയരുന്നതെന്നും കണ്ടെത്തി. വ്യവസായ പ്ലാന്റുകൾ അടച്ചിടാൻ കഴിയില്ലെന്നതിനാൽ ശബ്ദ മലിനീകരണം കുറക്കാനുള്ള നടപടികൾ അനുവർത്തിക്കാനാണ് ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.