വാതിൽപ്പടി സമരം തീർന്ന് രണ്ടു ദിവസമായിട്ടും കൊച്ചിയിൽ റേഷൻ വിതരണം അവതാളത്തിൽ
text_fieldsമട്ടാഞ്ചേരി: വാതിൽപ്പടി റേഷൻ വിതരണ തൊഴിലാളികളുടെയും വാഹന ഉടമകളുടെയും സമരം തീർന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ വരുന്ന റേഷൻ കടകളിൽ വിതരണം പുനരാരംഭിച്ചില്ല. ചുള്ളിക്കൽ കല്ല് ഗോഡൗണിലെ എൻ.എഫ്.എസ്.എ ഗോഡൗൺ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇല്ലാത്തതാണ് കടകളിലേക്കുള്ള റേഷൻ വിതരണം പുനരാരംഭിക്കാനുള്ള തടസ്സം.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥനില്ലാത്തതിനാൽ ഗോഡൗണിൽ നിന്ന് കടകളിലേക്ക് റേഷൻ വിതരണം ചെയ്യാൻ കഴിയാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച ചുമതലയുള്ള ഉദ്യോഗസ്ഥൻ വരുമെന്ന് പറഞ്ഞ് തൊഴിലാളികളെയും വണ്ടിക്കാരെയും വിളിച്ചു വരുത്തിയെങ്കിലും ഉദ്യോഗസ്ഥൻ എത്തിയില്ല. ഇതോടെ പ്രതിഷേധം ശക്തമായി. മുസ്ലിം ലീഗ് കൊച്ചി മണ്ഡലം സെക്രട്ടറി സി.എ. ഫൈസലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തി. കല്ല് ഗോഡൗണിൽ നിലവിൽ എ.എം തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഇല്ല.
എ.എം സ്ഥലം മാറിപ്പോയ ശേഷം മറ്റാരും ചുമതലയേറ്റിട്ടില്ല. കൊച്ചിയിലെ എൻ.എഫ്.എസ്.എ ഗോഡൗൺ നാഥനില്ലാക്കളരിയായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. മാസം പകുതി പിന്നിട്ടിട്ടും റേഷൻ വിതരണം ആരംഭിക്കാത്തതിനാൽ റേഷൻ കടക്കാരും കാർഡ് ഉടമകളും പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.