ഇനി ആശ്വാസയാത്ര; ലിങ്ക് റോഡിലെ കുഴികളടച്ചു
text_fieldsകൊച്ചി: അപകടപ്പാതയായ സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികളടച്ച് അറ്റകുറ്റപ്പണികൾ നടത്തി. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള റോഡിലെ മുഴുവൻ കുഴികളുമാണ് കോൺക്രീറ്റ് മിശ്രിതമുപയോഗിച്ച് അടച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് തുടങ്ങിയ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള അറ്റകുറ്റപ്പണി രാത്രി വൈകുംവരെ നീണ്ടു. ഇതിനനുസരിച്ച് റോഡിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
ലിങ്ക് റോഡിലെ കുഴികളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ‘മാധ്യമം’ കഴിഞ്ഞ ദിവസം ‘ലിങ്ക് ചെയ്യാമോ ലിങ്ക് റോഡിലെ കുഴികളെ’ എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് അറ്റകുറ്റപ്പണി വേഗത്തിലാക്കിയത്. കുഴികൾകൂടാതെ പലയിടത്തും റോഡൊന്നാകെ തകർന്നിരുന്നു. നിരവധി അപകടങ്ങളാണ് കുഴിയിൽ വാഹനങ്ങൾ വീഴുന്നതുമൂലം ഈ നിരത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതിനെല്ലാം പരിഹാരമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഇതോടൊപ്പം തമ്മനം-പുല്ലേപ്പടി റോഡിൽ ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്ത് രാവിലെയും വൈകീട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യുടേൺ പരിഷ്കരണം കൊണ്ടുവരാനുള്ള നടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ ഭാഗത്തെ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ നീക്കി. ഈ ഭാഗത്ത് ടൈൽ വിരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യൂടേൺ ക്രമീകരണം നടപ്പാക്കുമെന്ന് കൗൺസിലർ ജോർജ് നാനാട്ട് പറഞ്ഞു.
എറണാകുളം ഭാഗത്തുനിന്ന് തമ്മനത്തേക്ക് പോവുന്ന വണ്ടികൾ ഈ ജങ്ഷനിൽനിന്ന് നേരിട്ട് പോകാതെ യൂടേണെടുത്ത് പോകുന്ന രീതിയിലാണ് ക്രമീകരണം വരുന്നത്. സമാന രീതിയിൽ തമ്മനം ഭാഗത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്കു പോകുന്നവരും കുറച്ച് മുന്നോട്ടുവന്ന് യൂടേണെടുത്ത് പോവേണ്ടി വരും.
ട്രാഫിക് ഈസ്റ്റ് സബ് ഡിവിഷൻ തയാറാക്കിയ റൂട്ട് മാപ്പ് പ്രകാരം തമ്മനം ഭാഗത്തേക്ക് പോകുന്നവർ 130 മീ. വീതവും സ്റ്റേഡിയം ഭാഗത്തേക്കുള്ളവർ 65 മീ. വീതവും യൂടേണിനായി മുന്നോട്ടുപോകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.