നഗരസഭയില്‍ സേവനങ്ങള്‍ക്കും പരാതികള്‍ക്കും ഇനി മൈ കൊച്ചി ആപ്
text_fieldsകൊച്ചി: നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരാതി പരിഹാരവും ഇനി 'മൈ കൊച്ചി' എന്ന ആപ്പിലൂടെ. കേരളപ്പിറവിയും കോർപറേഷൻ ദിനവും ഒരുമിച്ച് വരുന്ന ചൊവ്വാഴ്ച മുതൽ പദ്ധതി ആരംഭിക്കും. ഘട്ടം ഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നഗരസഭയുടെ 61, 62, 65 ഡിവിഷനുകളിലാണ് ആരംഭിക്കുന്നത്. ഈ ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീസ് നവംബർ ഒന്ന് മുതൽ മൈ കൊച്ചി ആപ് വഴിയാകും സ്വീകരിക്കുക. ഡിസംബർ 31ഓടെ മുഴുവൻ ഡിവിഷനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
അടുത്ത ആറ് മാസത്തിനുള്ളിൽ പ്രോപ്പർട്ടി ടാക്സ്, ബിൽഡിങ് പെർമിറ്റ്, ജനന-മരണ സർട്ടിഫിക്കറ്റുകൾ, ട്രേഡ്, ഹോട്ടൽ ലൈസൻസുകൾ എന്നിവകൂടി ആപ്പിെൻറ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് നഗരസഭ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ അറിയിച്ചു. അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണം ഉറപ്പാക്കുക എന്ന സംസ്ഥാന സർക്കാർ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നൂതനമായ പദ്ധതി കൊച്ചി മുനിസിപ്പൽ കോർപറേഷൻ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.