വാട്ടർ മെട്രോ യാത്രികരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു
text_fieldsകൊച്ചി: സർവിസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവിസ് ആരംഭിച്ച് ആറുമാസത്തിനിടെ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറുമാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് ദശലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുകയാണ്.
14 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലാണ് നിലവില്‍ സർവിസ് ഉള്ളത്. ഹൈകോർട്ട് ജങ്ഷൻ-ഫോർട്ട്കൊച്ചി, ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ, ഹൈകോർട്ട് ജങ്ഷൻ-ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില-കാക്കനാട് എന്നിവയാണ് റൂട്ടുകൾ.
കുമ്പളം, പാലിയംതുരുത്ത്, വെല്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവിസ് ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര-പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.