ഉദ്യോഗസ്ഥ വീഴ്ച; പണി കിട്ടിയത് സംസ്കൃത സർവകലാശാലയിലെ തോട്ടക്കാർക്ക്
text_fieldsകൊച്ചി: ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയെത്തുടർന്ന് കാലടി സംസ്കൃത സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരായ തോട്ടക്കാർക്ക് കിട്ടിയത് വലിയ പണി. ദിവസവേതനക്കാരായ നാലു തോട്ടക്കാരുടെ ശമ്പളത്തിൽനിന്ന് മാസംതോറും വലിയ തുക തിരിച്ചുപിടിക്കുകയാണ് സർവകലാശാല.
2019ൽ വേതന വർധനയുമായി ബന്ധപ്പെട്ട ഉത്തരവിലുണ്ടായ ക്ലറിക്കൽ തെറ്റാണ് പ്രതിമാസം 5000 രൂപ ശമ്പളത്തിൽനിന്ന് കുറക്കുന്ന നടപടിയിലേക്കെത്തിച്ചത്. ഇത്തരത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് സിൻഡിക്കേറ്റ് യോഗം ശിപാർശ ചെയ്തിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല.സംസാരശേഷിയും കേൾവിയുമില്ലാത്ത ആൾ ഉൾപ്പെടെ നാലുപേരാണ് സർവകലാശാലയിലെ തോട്ടക്കാർ. ഡിസംബറിലെ ശമ്പളത്തിൽ 5000 രൂപ കുറവു വന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇത്രയും തുക ഒറ്റയടിക്ക് പിടിക്കുന്ന കാര്യം ഇവരറിഞ്ഞത്. തുക ഗഡുക്കളായേ പിടിക്കാവൂവെന്ന് ആവശ്യപ്പെട്ട് ഇവർ രജിസ്ട്രാർക്കും മറ്റും നിവേദനം നൽകിയിട്ടുണ്ട്.
2019ൽ ഇറക്കിയ ഉത്തരവിൽ ഇവരുടെ പുതുക്കിയ പ്രതിദിന വേതനം 645 എന്നതിനുപകരം 725 രൂപ എന്നു ചേർക്കുകയായിരുന്നെന്നും അതിനാൽ അധികമായി നൽകിയ തുക തിരിച്ചുപിടിക്കണമെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
എന്നാൽ, വലിയ തുകയായി പിടിച്ചെടുക്കണമെന്ന നിർദേശം ഉണ്ടായിട്ടില്ല. വീഴ്ച വരുത്തിയ സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടുമില്ല. സിൻഡിക്കേറ്റ് കണ്ടെത്തലിനെത്തുടർന്ന് വേതനം വീണ്ടും 660 രൂപയായി താഴ്ത്തി. ഇങ്ങനെ കിട്ടുന്ന തുച്ഛശമ്പളത്തിൽനിന്നാണ് 5000 രൂപ തിരിച്ചുപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.