തട്ടുകട നീക്കാനെത്തി ഉദ്യോഗസ്ഥർ; ആത്മഹത്യ ഭീഷണി മുഴക്കി യുവാക്കൾ
text_fieldsകൊച്ചി: അനുവദിച്ചതിൽ കൂടുതൽ സ്ഥലം ഉപയോഗിച്ച് നടത്തുന്ന തട്ടുകടകൾ നീക്കാനെത്തിയ കോർപറേഷൻ ആരോഗ്യവിഭാഗം, പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി കട നടത്തിപ്പുകാരായ യുവാക്കൾ.
വ്യാഴാഴ്ച വൈകീട്ട് ആറോടെ 'ഉപ്പും മുളകും' എന്ന പേരിൽ പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന തട്ടുകടയിലായിരുന്നു നാടകീയ സംഭവങ്ങൾ. പെട്രോൾ നിറച്ച കന്നാസ് കൈയിലെടുത്തായിരുന്നു ലൈസൻസിയുടെ ബന്ധുക്കളെന്ന് വ്യക്തമാക്കിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഹബീബ് റഹ്മാൻ, കാളികാവ് സ്വദേശി സിൻസാർ എന്നിവരുടെ ആത്മഹത്യ ഭീഷണി. ഇവരെ പിന്തിരിപ്പിക്കാൻ ഉദ്യോഗസ്ഥർ ഏറെനേരം പാടുപെട്ടു.
എറണാകുളം സൗത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി അനുരഞ്ജന ശ്രമം ആരംഭിച്ചെങ്കിലും യുവാക്കൾ ആദ്യഘട്ടത്തിൽ വഴങ്ങിയില്ല. ഇതിനിടെ പെട്രോൾ ശരീരത്തിൽ ഒഴിക്കുകയും ചെയ്തു. പിന്നീട് കട നീക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് യുവാക്കൾ അയഞ്ഞത്.
ഇതിനിടെ, യുവാക്കളുടെ കൈയിൽനിന്ന് പെട്രോൾ കന്നാസ് പിടിച്ചുവാങ്ങി മാറ്റിവെച്ചു. ഈ സമയം കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസും സ്ഥലത്തെത്തി. തൽക്കാലം കട എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വഴിയോര കച്ചവടത്തിന് കോർപറേഷൻ നിർദേശിച്ച മാനദണ്ഡങ്ങൾ പുലർത്താത്ത കടകളാണ് എടുക്കുന്നതെന്നും അവർ പറഞ്ഞു.
നിയമപ്രകാരം കട നടത്താൻ അനുവദിച്ചിരിക്കുന്നത് ലൈസൻസിക്കോ അടുത്ത ബന്ധുക്കൾക്കോ മാത്രമാണ്. അകന്ന ബന്ധുക്കൾക്കു പോലും അനുവാദമില്ലാത്തതിനാലാണ് നടപടിയെന്നും അവർ വ്യക്തമാക്കി. എന്നാൽ, ലൈസൻസിയായ തന്‍റെ പിതാവിന്‍റെ സഹോദരൻ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതിനാലാണ് കടയിൽ നിൽക്കുന്നതെന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാക്കൾ പറയുന്നു. ഹബീബ് എറണാകുളം മഹാരാജാസിൽ ബിരുദപഠനത്തിനുശേഷം ഹോട്ടൽ മാനേജ്മെന്‍റ് പഠിച്ച ശേഷമാണ് തട്ടുകടയിൽ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.