ക്ലാസ് മുറിയിൽ പഴയ ശിഷ്യർ; വീണ്ടും പ്രിയ അധ്യാപകനായി എം.കെ. സാനു
text_fieldsകൊച്ചി: നാല് പതിറ്റാണ്ടിനുശേഷം പ്രഫ. എം.കെ. സാനു പഴയ അധ്യാപകനായി. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായവരടക്കം ശിഷ്യന്മാർ അനുസരണയുള്ള കുട്ടികളായി മാഷിന്റെ ക്ലാസിലിരുന്നു.
തലമുറകളെ സ്വാധീനിച്ച അധ്യാപകരുടെ അധ്യാപനശൈലി ദൃശ്യവത്കരിക്കുന്ന ‘പ്രചോദനത്തിന്റെ പ്രവാചകർ’ എന്ന പരമ്പരക്കുവേണ്ടിയാണ് പ്രഫ. എം.കെ. സാനുവും മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും വീണ്ടും അധ്യാപകരായി വ്യാഴാഴ്ച മഹാരാജാസ് കോളജിൽ എത്തിയത്.
കാൽനൂറ്റാണ്ടോളം ആയിരക്കണക്കിന് ശിഷ്യർക്ക് അറിവ് പകർന്ന പ്രഫ. എം.കെ. സാനു 96ാം വയസ്സിലും പഴയ ഊർജസ്വലനായ അധ്യാപകനായി. 76നും 66നും ഇടയിൽ പ്രായമുള്ള 23 പഴയ ശിഷ്യന്മാരും നിലവിൽ കോളജിൽ പഠിക്കുന്ന 20 വയസ്സുകാരായ വിദ്യാർഥികളുമാണ് മുന്നിലുണ്ടായിരുന്നത്. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. നാരായണൻ, ഡോ. ഉണ്ണികൃഷ്ണൻ, സി.ഐ.സി.സി ജയചന്ദ്രൻ എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു. ഗദ്യസാഹിത്യം, നാടകസാഹിത്യം, പദ്യസാഹിത്യം എന്നിവയെക്കുറിച്ചെല്ലാം മാഷ് വിശദമായി ക്ലാസെടുത്തു. ഇടക്ക് ബ്ലാക്ക് ബോർഡിൽ ചിലതൊക്കെ എഴുതി. പ്രഫ. സി. രവീന്ദ്രനാഥ് ‘വികസനം’ എന്ന വിഷയത്തിലാണ് രാവിലെ ഒരു മണിക്കൂറോളം ക്ലാസെടുത്തത്.
സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സ്റ്റേറ്റ് ബുക്മാർക്കാണ് പ്രമുഖരുടെ അധ്യാപന മാതൃക വരും തലമുറക്കായി ചിത്രീകരിക്കുന്നത്. മഹാരാജാസ് കോളജ് മലയാളവിഭാഗം, മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രീകരണം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.