വിപണി ഉണർന്നു; ഓണത്തിനൊരുങ്ങി നാട്...
text_fieldsകൊച്ചി: ഓണത്തിന് രണ്ടാഴ്ച ബാക്കിനിൽക്കെ നാടെങ്ങും പൊന്നോണത്തെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വമ്പൻ ഓഫറുകളും ആകർഷക സമ്മാനങ്ങളുമായി വിപണി ആദ്യംതന്നെ ഉണർന്നു കഴിഞ്ഞു. ഓണച്ചന്തകൾക്കും വിപണന മേളകൾക്കുമൊപ്പം വിനോദ പ്രദർശന മേളകളുംകൂടി ജില്ലയിൽ എത്തിത്തുടങ്ങിയതോടെ ഇത്തവണ ഓണം കളറാകുന്നമെന്ന് ഉറപ്പായി.
പ്രതീക്ഷയിൽ വസ്ത്രവിപണി
ഓണ വിപണിയിൽ താരം വസ്ത്രവിപണി തന്നെയാണ്. പുതുപുത്തൻ സ്റ്റോക്കുകളുമായി വസ്ത്രവിപണിയാണ് ആദ്യം സജീവമായത്. ഓണമടുക്കുമ്പോൾ തിരക്കുകൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇപ്പോഴേ ഓണക്കോടിയെടുക്കാമെന്ന് കരുതി കുടുംബസമേതം വസ്ത്രശാലകളിലേക്ക് എത്തുന്നവർ ഏറെയുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ വസ്ത്രശാലകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായാണ് തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഓണമടുത്തതോടെ സ്വർണ, വാഹന വിപണികളിലും ഉണർവ് പ്രകടമാണ്. ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസിന്റെ നേതൃത്വത്തിലുള്ള ഓണം ഖാദി മേളകളും സജീവമായിക്കഴിഞ്ഞു.
ഓണത്തിന് അഴകും രുചിയും കൂടും
ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി-പായസ വിപണിയും ഒരുങ്ങി. മലയാളിക്ക് ഓണത്തിന് ഏത്തക്ക ഉപ്പേരി വിട്ടൊരു കളിയില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം ഓണത്തിന് വിളമ്പാൻ ഏത്തക്കുലകൾ കുടുതലായി എത്തുന്നുണ്ട്. ഓണാഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് പൂവിപണിയും. പലചരക്ക്-പച്ചക്കറി വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിന്റെ ഉൾപ്പെടെ ഓണച്ചന്തകൾ, സപ്ലൈകോ ഓണം മേളകൾ, പായസം മേളകൾ, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി അത്തം കഴിയുന്നതോടെ ഓണവിപണി കൂടുതൽ ഉഷാറാകും. ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഹോട്ടലുകളും കാറ്ററിങ് സർവിസുകളും ഒരുക്കം തുടങ്ങിക്കഴിച്ചു. റെഡിമെയ്ഡ് ഓണസദ്യക്കും ഓരോ വർഷവും ആവശ്യക്കാർ കൂടിവരുന്നുണ്ടെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഓണം ആവശേമാക്കാൻ ക്ലബുകളും സംഘടനകളും
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ക്ലബുകളും മറ്റ് സംഘടനകളുമൊക്കെ ഓണാഘോഷ പരിപാടികൾ ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും പൗരാവലിയുടെയുമൊക്കെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍. വടംവലിയാണ് ഓണാഘോഷങ്ങളിലെ ഹൈലൈറ്റ്. വീറും വാശിയും ആവേശവും നിറഞ്ഞ വടംവലിക്ക് സമ്മാനങ്ങളുമുണ്ട്. പതിനായിരത്തിനു മുകളിലാണ് പലയിടത്തും ഒന്നാം സമ്മാനം.
കൃഷി വകുപ്പിന്റെ 97 ഓണച്ചന്തകൾ; 142 കൺസ്യൂമർഫെഡ് സ്റ്റാളുകൾ
ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 97 ഓണച്ചന്തകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 11 മുതൽ 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. പൊതുവിപണിയിൽ കാർഷികോൽപന്നങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണ വിപണിയെങ്കിലും നടത്താനുള്ള തീരുമാനം കൃഷി വകുപ്പ് സ്വീകരിച്ചത്.
രാവിലെ തുടങ്ങി വൈകീട്ട് ഏഴുവരെ പ്രവർത്തിക്കുന്ന രീതിയിലാകും പ്രവർത്തനം. എല്ലാ കൃഷിഭവനുകളുടെ നേതൃത്വത്തിലും ചന്തകൾ പ്രവർത്തിക്കും. 30 ശതമാനത്തോളം വിലയിൽ ഇളവ് നൽകിയായിരിക്കും. പരമാവധി കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിക്കുമെന്നും കൃഷി വകുപ്പ് ചൂണ്ടിക്കാട്ടി. ജില്ലയിൽ കൺസ്യൂമർ ഫെഡിന്റെ 142 സ്റ്റാളുകളാണ് ഓണത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്. സെപ്റ്റംബർ ഏഴുമുതൽ 14 വരെയാണ് പ്രവർത്തനം. 13 ഇനം സാധനങ്ങൾ ഇവിടെനിന്ന് സബ്സിഡിയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.