ഒരു ഹാൾ, ആറുകുടുംബം, 29 പേർ; 17മാസമാകുന്നു ഈ ജീവിതം
text_fieldsമട്ടാഞ്ചേരി: റമദാൻ മാസത്തിലെങ്കിലും തങ്ങളുടെ നരക ജീവിതത്തിന് ഒരു പരിഹാരമുണ്ടാകുമോയെന്ന് ചോദിക്കുകയാണ് ബിഗ് ബെൻ കെട്ടിടത്തിൽ താമസിച്ചിരുന്ന ആറു കുടുംബങ്ങൾ. കോമ്പാറ മുക്കിലെ പൗരാണിക കെട്ടിടമായിരുന്ന ബിഗ് ബൻഹൗസിന്റെ ഭിത്തിക്ക് കനത്ത മഴയെ തുടർന്ന് വിള്ളൽ വീണതോടെയാണ് ഇവരെ മട്ടാഞ്ചേരി കെ.എം. മുഹമ്മദ് കമ്യൂണിറ്റി ഹാളിലേക്ക് താൽക്കാലികമായി മാറ്റിയത്. 17 മാസമായി ആറ് കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 29 പേർ കമ്യൂണിറ്റി ഹാളിൽ ദുരിത ജീവിതം നയിക്കുകയാണ്. 2021 ഒക്ടോബർ 15നാണ് കെട്ടിട ഭിത്തിക്ക് വിള്ളൽ വീണത്.
31 പേരേയാണ് അന്ന് ഒരു സ്കൂൾ കെട്ടിടത്തിലേക്കും പിന്നീട് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റിയത്. ഇതിനിടെ രണ്ട് പേർ മരണത്തിന് കീഴടങ്ങി.
കെട്ടിടത്തിന് വിള്ളൽ വീണപ്പോൾ മേയർ അടക്കമുള്ള ജനപ്രതിനിധികൾ ഓടിയെത്തി. ഉടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികളും. ഇവരെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതോടെ എല്ലാം മന്ദഗതിയിലായി. വഖഫ് ബോർഡിന്റെ അധീനതയിലെ ട്രസ്റ്റ് വക കെട്ടിടമായതിനാൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുവാദം വേണമായിരുന്നു. ബോർഡ് അനുവാദം നൽകിയെങ്കിലും നഗരസഭ ഫണ്ട് അനുവദിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കുടുംബങ്ങൾ വേദനയോടെ പറയുന്നു.
കമ്യൂണിറ്റി ഹാളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ഇവർ കഴിയുന്നത്. സ്വകാര്യത പോലും നഷ്ടപ്പെട്ട ഇവർ ഭാവിയെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാതെ കഴിയുകയാണ്. മട്ടാഞ്ചേരി ബസാറിനോട് ചേർന്ന ഹാളായതിനാൽ അതുവഴി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നുള്ള പൊടിയും മറ്റും കയറി കുട്ടികൾ ഉൾപ്പെടെ അസുഖ ബാധിതരായ സാഹചര്യമാണ്. മാത്രമല്ല എലി ഉൾപ്പെടെയുള്ള ജീവികളുടെ ശല്യവും ഏറെയാണ്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് എലിയുടെ കടിയേറ്റു.
പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്താൻ സമ്മതവുമായി എത്തിയെങ്കിലും പിന്നീട് എന്തുകൊണ്ടോ അവരും പിൻമാറി. സമൂഹം തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.