പെടരുതേ.. തട്ടിപ്പാണ്...
text_fieldsകൊച്ചി: പലതരത്തിൽ പല പേരിൽ നിങ്ങളുടെ ഫോണിലേക്ക് വിളികളോ മെസേജുകളോ എത്താം. പ്രതികരിക്കും മുമ്പ് ഒരൽപം ജാഗ്രത പാലിച്ചാൽ അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാം.
കൊച്ചിയിൽ അടുത്തിടെ നാല് കേസിൽനിന്ന് മാത്രം 15 കോടിയിലധികം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. കഴിഞ്ഞദിവസം 71കാരന്റെ 70 ലക്ഷമാണ് നഷ്ടമായത്.
ഏറ്റവുമൊടുവിൽ സംഗീത സംവിധായകൻ ജെറി അമൽ ദേവിൽനിന്നാണ് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമം നടന്നത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സമീപിച്ചത്.
ബാങ്കിൽ എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലാക്കി ചെറുക്കാനായത്. പോസ്റ്റ് ഓഫിസ്, പൊലീസ്, കസ്റ്റംസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതികളാണ് തട്ടിപ്പുകാർ പൊതുവെ സ്വീകരിക്കുന്നത്.
‘എൻഫോഴ്സ്മെന്റ് ഓഫിസർ ഫ്രോഡ്’ തട്ടിപ്പ് വ്യാപകം
വെർച്വൽ അറസ്റ്റ് ഉൾപ്പെടെ നടത്തിയുള്ള ‘എൻഫോഴ്സ്മെന്റ് ഓഫിസർ ഫ്രോഡ്’ എന്ന സാമ്പത്തികത്തട്ടിപ്പാണ് ഇപ്പോൾ വ്യാപകമായി അരങ്ങേറുന്നത്.
നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ ഉണ്ടെന്നും പറഞ്ഞാണ് ആദ്യ വിളി. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരൻ പറയും. പാർസലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സി.ബി.ഐയിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫിസർക്ക് കൈമാറുമെന്നും വിശ്വസിപ്പിക്കും. പൊലീസ് ഓഫിസറാണ് വിളിക്കുന്നതെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ അയച്ചും തരും. തുടർന്ന്, സമ്പാദ്യവിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫിസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും പറയും. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനും ആവശ്യപ്പെടുന്നതാണ് രീതി. നിരവധിപേരാണ് ഇവരുടെ വലയിൽ വീഴുന്നത്.
ലോക്കാക്കും ലോൺ ആപ്പുകൾ
സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. എളുപ്പം ലോൺ ലഭിക്കുമെന്ന പേരിൽ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽപെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഗാലറി പങ്കുവെക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം അവർ ചോദിക്കും. വായ്പ നൽകിയ പണം തിരിച്ചുവാങ്ങാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിങ്ങൾക്കെതിരെ ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
പോസ്റ്റ് ഓഫിസിൽനിന്നുള്ള സന്ദേശരൂപത്തിലും തട്ടിപ്പ്
നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ വിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചുനൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ്.എം.എസ് വഴിയോ ഇ-മെയിൽ വഴിയോ ആണ് ലിങ്കുകൾ അയക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക് ചെയ്യുന്നവർ തട്ടിപ്പിനിരയാകാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.
ഇരയാകരുത്; വിവേകത്തോടെ പെരുമാറണം
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ഒരുമണിക്കൂറിനകം (ഗോർഡൻ) വിവരം 1930 നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. വേഗം റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൈയിലെ പണം കൊടുത്ത് പണി വാങ്ങരുത്
സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻതുക പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കും. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകളാകും ഈ ഗ്രൂപ്പിലുള്ളവർ പറയുക. അവർക്ക് പണം ലഭിച്ച സ്ക്രീൻഷോട്ടുകളും പങ്കുവെക്കും. തുടർന്ന്, വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടും. ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും അമിതലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് വിശ്വാസമാകും. നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ കഴിയില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസ്സിലാക്കുന്നത്.
ആറുമാസം; കവർന്നത് 25 കോടി
ആറുമാസത്തിനിടെ 400 സൈബർ തട്ടിപ്പ് കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജനുവരി മുതല്‍ ജൂണ്‍ വരെ കൊച്ചി സിറ്റിയില്‍നിന്ന് 25 കോടി രൂപ തട്ടിപ്പുകാർ കവർന്നു. നാലുപേരിൽനിന്ന് ഒന്നര മാസത്തിനിടെ തട്ടിയത് മാത്രം 20 കോടി വരും. 40 ശതമാനത്തോളം കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പരാതിക്കാര്‍ക്ക് നഷ്ടമായ പണത്തില്‍ 40 ശതമാനം വരെ വീണ്ടെടുക്കാനായെന്നും കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാർ മുതൽ ഉന്നതർ വരെ തട്ടിപ്പുകൾക്ക് ഇരയായതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.