ബ്രഹ്മപുരത്ത് ബയോമൈനിങ് ഷെഡ് കെട്ടിയില്ല; കരാർ ലംഘനമെന്ന് പ്രതിപക്ഷം
text_fieldsകൊച്ചി: ബ്രഹ്മപുരത്ത് കോർപറേഷനിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാൻ ബയോ മൈനിങ് കരാർ ഏറ്റെടുത്ത കമ്പനി വ്യവസ്ഥ പ്രകാരമല്ല പ്രവർത്തിക്കുന്നതെന്നാരോപിച്ച് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം രംഗത്തെത്തി.
കരാർ പ്രകാരം ബ്രഹ്മപുരത്ത് പുതിയ 50,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഷെഡ് നിർമിച്ച് ഇതിൽ ബയോമൈനിങ് മെഷീനുകൾ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഭൂമി ഗ്രീൻ എനർജി എന്ന പുണെ ആസ്ഥാനമായുള്ള കരാർ കമ്പനി, ബ്രഹ്മപുരത്ത് ചതുപ്പുനിലമായതിനാൽ ഷെഡ് നിർമിക്കാൻ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിലവിലെ കോർപറേഷന്റെ തന്നെ ഷെഡിൽ തന്നെ ഉപകരണങ്ങൾ സ്ഥാപിക്കുകയായിരുന്നു.
ഇത് കൗൺസിൽ അറിയാതെയാണ് നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, അംഗം എം.ജി. അരിസ്റ്റോട്ടിൽ എന്നിവരാണ് ഇക്കാര്യത്തിൽ വിമർശനമുന്നയിച്ചത്. ബയോമൈനിങിനായി 16 മാസം അനുവദിച്ചത് മതിയാകില്ലെന്നും ഇത് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുകയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കരാര്‍ കമ്പനിക്ക് അമിത ലാഭം നേടിക്കൊടുക്കാനാണ് മേയറും ഭരണപക്ഷവും കൂട്ടുനില്‍ക്കുന്നത്. അജണ്ടയില്‍പ്പോലും ഉള്‍പ്പെടുത്താതെ ഷെഡ് കൈമാറിയതിന് പിന്നില്‍ അഴിമതിയാണെന്നും വിയോജനക്കുറിപ്പ് നൽകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്നാൽ, ബ്രഹ്മപുരത്ത് വൻ തീപിടിത്തമുണ്ടായപ്പോൾ മാലിന്യ സംസ്കരണ ചുമതലയുണ്ടായിരുന്ന സോണ്ട ഇൻഫ്രാടെകും ഇതേ ഷെഡ് തന്നെയാണ് ഉപയോഗിച്ചുവന്നതെന്ന് മേയർ എം. അനിൽകുമാർ വിശദീകരിച്ചു. അവർ വാടകയൊന്നും തരാതെയാണ് ഉപയോഗിച്ചത്.
പുതിയ കമ്പനിക്ക് ഷെഡ് ഉണ്ടാക്കാൻ കാലതാമസമുണ്ടാകും, എന്നാൽ ബയോമൈനിങിനാണ് പരിഗണന നൽകേണ്ടത്. ഭൂമി ഗ്രീൻ എനർജി കമ്പനി പ്രതിമാസം 75,000 രൂപ വാടകയായി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ തുക മതിയാവില്ലെന്നും 1.30 ലക്ഷം രൂപ പ്രതിമാസം നൽകണമെന്നുമാണ് നിലവിൽ കോർപറേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
വെറുതേ കിടക്കുന്നതിനേക്കാൾ വാടകയിനത്തിൽ വരുമാനം കിട്ടുന്നതാണ് ഉചിതം. വാടക തുക സംബന്ധിച്ച് കൗൺസിലിൽ കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും മേയർ കൂട്ടിച്ചേർത്തു.
തെരുവുനായെ പിടിക്കാനാളുണ്ട്, വണ്ടിയില്ല
കോർപറേഷന്റെ വിവിധ ഡിവിഷനുകളിൽ തെരുവുനായ് ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ കൗൺസിലർമാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ പിടിക്കാൻ കോർപറേഷൻ ഏർപ്പെടുത്തിയ പ്രത്യേക ടീമിനുള്ള വാഹനം ഒരുമാസമായി കട്ടപ്പുറത്താണെന്ന് പലരും ചൂണ്ടിക്കാട്ടി. ഓരോ ഡിവിഷനിലെയും കൗൺസിലർമാർ വിളിക്കുമ്പോൾ രണ്ടുപേരടങ്ങിയ സംഘം വാഹനവുമായി എത്തി, അക്രമാസക്തനായ തെരുവുനായയെ പിടികൂടി ബ്രഹ്മപുരത്തെ എ.ബി.സി സെന്ററിലേത്തിച്ച് വന്ധ്യംകരണം നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ, വാഹനം തകരാറിലായതിനാൽ ഇവരുടെ സേവനം ലഭ്യമാവുന്നില്ല. മനു ജേക്കബ്, എം.ജി. അരിസ്റ്റോട്ടിൽ ഉൾപ്പടെയുള്ളവരാണ് തെരുവുനായ വിഷയം ഉന്നയിച്ചത്. വണ്ടി തകരാറിൽ കിടക്കുമ്പോഴും തെരുവുനായ് ശല്യം രൂക്ഷമാണെന്നും ഇക്കാര്യത്തിൽ പകരം സംവിധാനം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.
വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നവും കൗൺസിലിൽ ചർച്ചയായി. ഭരണപക്ഷത്തെ സി.എ. ഷക്കീർ, സുനിത ഡിക്സൺ, പ്രതിപക്ഷ അംഗം സുജ ലോനപ്പൻ തുടങ്ങിയവരാണ് കുടിവെള്ളം കിട്ടാത്തതിന്റെ ദുരിതം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.