ജൈവകൃഷി; കർമപദ്ധതിയൊരുക്കി കൃഷി വകുപ്പ്
text_fieldsകൊച്ചി: ജില്ലയിൽ ജൈവകൃഷി വ്യാപന പദ്ധതിയുമായി കൃഷി വകുപ്പ്. സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതിസൗഹൃദം എന്ന പ്രഖ്യാപനത്തോടെയാണ് ജൈവകൃഷി സജീവമാക്കാൻ കർമപദ്ധതികൾ നടപ്പാക്കുന്നത്. ജൈവ കാർഷിക മിഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
1922 സജീവ ജൈവകർഷകർ
ജില്ലയിൽ ജൈവകൃഷി രംഗത്ത് സജീവമായി നിൽക്കുന്നത് 1922 കർഷകരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവർ 719.007 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. ഇതിൽ പൂർണമായും ജൈവകൃഷി ചെയ്യുന്നത് 40 കർഷകരാണ്. ഇക്കൂട്ടത്തിൽ ആറ് വനിതകളുമുണ്ട്. ഇവർവഴി ജില്ലയിൽ 36.725 ഹെക്ടറിൽ സമ്പൂർണ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. നെല്ല്, വാഴ, കിഴങ്ങുവർഗങ്ങൾ, പയർവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചെറുധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കൃഷികൾ. കർഷകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ വകുപ്പിന്റെ ക്രിയാത്മക ഇടപെടലുകളുണ്ട്. ഉൽപാദനോപാധികളുടെ വിതരണം, പരിശീലനം, സർട്ടിഫിക്കേഷൻ, വിപണനം അടക്കം എല്ലാ കാര്യങ്ങളിലും വകുപ്പിന്റെ മേൽനോട്ടമുണ്ട്.
സമ്പൂർണ ജൈവകൃഷി; നടപടികൾ ധ്രുതഗതിയിൽ
ജില്ലയിൽ സമ്പൂർണമായി ജൈവ കൃഷിയിലേർപ്പെടുന്ന 40 കർഷകർക്കായി പ്രത്യേക പദ്ധതികളാണ് നടപ്പാക്കുന്നത്. കാർഷികോൽപന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ടുള്ള നാഷനൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻ.പി.ഒ.പി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിന് മൂന്നുഘട്ട നടപടികളാണുള്ളത്. സാധാരണ നിലയിലുള്ള കൃഷിഭൂമിയെ ഓർഗാനിക് കൃഷിക്കായി പരിവർത്തിപ്പിക്കുന്നതിന് മൂന്നുവർഷം വേണ്ടിവരുമെന്ന കണക്കിലാണിത്. ഇതിൽ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ച ഇവർ ഗ്രീൻ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. അടുത്ത രണ്ട് ഘട്ടംകൂടി പൂർത്തീകരിക്കുന്നതോടെ ഇവർ എൻ.പി.ഒ.പി സർട്ടിഫിക്കേഷന് അർഹരാകും. ഇതോടെ ഇവരുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്ര അനുമതിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.