206 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി ഔവർ ലേഡീസ് സ്കൂൾ
text_fieldsമട്ടാഞ്ചേരി: ഭവന രഹിതർക്കായി ഭരണ സംവിധാനങ്ങൾ പ്രഖ്യാപിക്കുന്ന പാർപ്പിട പദ്ധതികൾ പോലും എങ്ങുമെത്താതെ നിൽക്കുമ്പോൾ ‘ഹൗസ് ചലഞ്ച്’ പദ്ധതിയുടെ വിജയഗാഥയിലൂടെ വേറിട്ട മാതൃകയാകുകയാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂൾ തുടങ്ങിവെച്ച പദ്ധതിയിൽ ഇതിനകം പൂർത്തിയാക്കി കൈമാറിയത് 207 വീടുകൾ.
പാർപ്പിടമില്ലായ്മയാണ് കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലാണ് ‘ഹൗസ് ചലഞ്ച്’ പദ്ധതി തുടങ്ങിയത്. സ്കൂളിലെ ഒരു വിദ്യാർഥിക്ക് വേണ്ടിയായിരുന്നു ആദ്യ വീട് നിർമാണം. ഏറെ പ്രയാസപ്പെട്ടാണ് ആദ്യ വീട് പൂർത്തിയാക്കിയതെങ്കിലും അധ്യാപകർക്കും വിദ്യാർഥികൾക്കും അതൊരു പ്രചോദനവും ആവേശവുമായി മാറി.
പിന്നീട് അർഹതരായവരെ കണ്ടെത്തി വീട് നിർമിച്ച് നൽകുന്നത് സിസ്റ്റർ ലിസി ഉത്തരവാദിത്തമായി ഏറ്റെടുത്തു. അതിനായി തുറന്നിട്ട പുതിയ വഴിയിലൂടെയാണ് 12 വർഷത്തിനിടെ 207 കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ കിടപ്പാടം ഒരുങ്ങിയത്. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, സംരംഭകർ എന്നിങ്ങനെ എല്ലാവരെയും പദ്ധതിക്കൊപ്പം ചേർത്ത് നിർത്തി. അവരിൽ നിന്ന് സഹായങ്ങൾ തേടിയാണ് എല്ലാ വീടുകളുടെയും നിർമാണം പൂർത്തീകരിച്ചത്.
ഓരോ വീട് പൂർത്തിയാകുമ്പോഴും നിരവധി പേർ വീടിനായി സിസ്റ്റർ ലിസിയെ സമീപിച്ച് തുടങ്ങി. നിർമാണ സാമഗ്രികൾ സൗജന്യമായി നൽകാൻ സന്നദ്ധരായി പലരും മുന്നോട്ടുവന്നു. ‘‘വീട് വെറുമൊരു കെട്ടിടമല്ല. ഒരു കുടുംബത്തിന് നല്ലൊരു വീട് ലഭിക്കുമ്പോൾ അവരുടെ മാനസിക നില തന്നെ മാറുകയാണ്. അവിടെ പുതിയ ജീവിതങ്ങൾ പൂവിടുകയാണ്’-പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിച്ച സിസ്റ്റർ ലിസിയുടെ വാക്കുകൾ.
ഒരു വീട് പണിയുക എന്നത് തന്നെ ദുഷ്കരമായ കാലത്ത് ഒരു വർഷം കുറഞ്ഞത് 17 വീട് വരെ നിർമിച്ചാണ് ‘ഹൗസ് ചലഞ്ച്’ വീടില്ലാത്തവർക്ക് തണലായത്. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് ഒരേ സമയം പല വീടുകളുടെ പണി ഏറ്റെടുത്തു. അനാവശ്യ ചെലവുകളൊക്കെ ഒഴിവാക്കി സവിശേഷ രീതിയിലായിരുന്നു നിർമാണം. എന്നാൽ പണിതതെല്ലാം മനോഹര വീടുകളായിരുന്നു. അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയായിരുന്നു ചെലവ്. ഭവന നിർമാണ രംഗത്ത് കൊച്ചിയിൽ നിശബ്ദമായ ഒരു വിപ്ലവത്തിനാണ് ‘ഹൗസ് ചലഞ്ചി’ലൂടെ ഔവർ ലേഡീസ് സ്കൂൾ തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.