അമിത വൈദ്യുതി പ്രവാഹം; ഉപകരണങ്ങൾ കത്തി നശിച്ചു
text_fieldsആലുവ: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുതി ഉപകരണങ്ങൾ നശിച്ചു.
കഴിഞ്ഞ ദിവസം തോട്ടുമുഖം ഭാഗത്താണ് സംഭവം. തോട്ടുമുഖം കവലയിൽ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ വന്ന കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പണി ചെയ്ത ജീവനക്കാർ ന്യൂട്രൽ ലൈനിൽകൂടി ഫേസ് കയറ്റിവിട്ടതുമൂലം അധിക വൈദ്യുതി പ്രവഹിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഈ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി പോകുന്ന പല വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എ.സി, ജനറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു. നഷ്ടം കൃത്യമായി കണക്കെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ അന്തർസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് പണിയെടുപ്പിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലൈൻ ചാർജ് ചെയ്യുന്ന സമയത്തുപോലും വേണ്ടരീതിയിൽ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലത്രേ. നഷ്ടം പരിഹരിക്കേണ്ടത് കെ.എസ്.ഇ.ബിയുടെ ബാധ്യതയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞുവെച്ചു. പിന്നീട് പൊലീസ് വന്നാണ് മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.