പായിപ്ര കവലയിലെത്തിയാൽ പെടും
text_fieldsമൂവാറ്റുപുഴ: ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പായിപ്ര കവലയിലെ ഗതാഗതപരിഷ്കാരങ്ങൾ കടലാസിൽ തന്നെ. മൂന്നുവർഷം മുമ്പ് പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിലെത്തുമ്പോൾ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച യു.ഡി.എഫിലെ മുൻധാരണ അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പടി ഇറങ്ങുമ്പോഴും പ്രശ്നപരിഹാരം അകലെയാണ്. കവലയിലെ ഗതാഗതക്കുരുക്ക് എം.സി റോഡിലൂടെ സഞ്ചരിക്കുന്നവരെയാണ് ഏറെയും ബാധിക്കുന്നത്.
അനധികൃത പാർക്കിങ് തടയുന്നതിനു പുറമേ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും, പായിപ്ര റോഡിൽ നിന്നും എം.സി റോഡിലേക്ക് വരുന്ന ബസുകൾ ഒഴികെയുളള ഭാരവണ്ടികൾ ബാസ്പ് റോഡുവഴി എം.സി.റോഡിലെത്തി പോകുന്നതിനും തീരുമാനിച്ചിരുന്നു. മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കവലയിലാണ്.
നെല്ലിക്കുഴി-പേഴക്കാപ്പിള്ളി റോഡ് എം.സി റോഡുമായി സന്ധിക്കുന്ന കവല മൂവാറ്റുപുഴ പട്ടണത്തിന്റ കവാടമാണ്.
നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, സ്കൂളുകളും, മദ്റസയും, മറ്റും സ്ഥിതി ചെയ്യുന്ന കവലയിൽ അപകടങ്ങളും തുടർക്കഥയാണ്. അപകട മേഖലയായ സബൈൻ ആശുപത്രിപ്പടി അടക്കമുളള ഭാഗങ്ങളിൽ ഓവർടേക്കിങ് ഒഴിവാക്കാൻ ട്രാഫിക് കോൺ സ്ഥാപിക്കുന്നതിനും ഇവിടത്തെ ബസ് സ്റ്റോപ്പുകൾ നിലവിലെ സ്ഥലങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.
എസ് വളവ്, പളളിച്ചിറങ്ങര, തൃക്കളത്തൂർ, പേഴയ്ക്കാപ്പിളളി പളളിപ്പടി തുടങ്ങിയ എം.സി റോഡ് ഭാഗങ്ങളിലും പരിഷ്കാരഭാഗമായി ട്രാഫിക് സിഗ്നലുകളും വേഗ നിയന്ത്രണ സംവിധാനവും ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒന്നും നടപ്പായില്ലെന്ന് മാത്രമല്ല അപകടങ്ങളും കുരുക്കും പഴയതിനേക്കാൾ രൂക്ഷമാണ്.
വണ്ടിപ്പേട്ട പദ്ധതിയും കടലാസിൽ
പായിപ്ര കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊണ്ടുവന്ന വണ്ടിപ്പേട്ട പദ്ധതിയും കടലാസിലാണ്. തിരക്കേറിയ പായിപ്ര കവലയിലാണ് നിലവിൽ ലോറികൾ അടക്കം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് ഒഴിവാക്കാൻ വലിയ വാഹനങ്ങൾക്കായി വണ്ടിപ്പേട്ട സ്ഥപിക്കാൻ ഒരുപതിറ്റാണ്ടു മുമ്പാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്.
ഇതിനായി പായിപ്ര കവലക്ക് സമീപം 80 സെന്റ് സ്ഥലവും കണ്ടെത്തിയിരുന്നു. ഇതിനുപുറമെ പഞ്ചായത്തോഫീസിനു സമീപം പഞ്ചായത്ത് വക സ്ഥലവും പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിലൊന്നും തുടർ നടപടികളുണ്ടായില്ല.
പായിപ്ര കവലക്ക് സമീപം കണ്ടെത്തിയ സ്ഥലത്തിന്റ വില താങ്ങാനാവില്ലെന്ന പേരിൽ പദ്ധതി തന്നെ വേണ്ടെന്ന് വെക്കാൻ അന്ന് ഒരുവിഭാഗം രംഗത്ത് വന്നതോടെ തുടർ നടപടി പൂർണമായി നിലക്കുകയായിരുന്നു. പിന്നീട് വന്ന പഞ്ചായത്ത് കമ്മിറ്റികൾ വിഷയം പരിഗണിക്കാൻ പോലും തയ്യാറായില്ല.
കവല വികസിപ്പിക്കണം, പക്ഷേ’?...
പായിപ്ര കവലയിലെ കുരുക്കിന് പരിഹാരം കാണാൻ കവല വികസനംകൊണ്ടേ കഴിയൂവെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു. വണ്ടിപ്പേട്ട അത്യാവശ്യമാണെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന് നിലവിൽ കഴിയില്ല. ഈ സാഹചര്യത്തിൽ കവലയുടെ വികസനത്തിന് പദ്ധതി തയ്യാറാക്കി എം.എൽ.എ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും, ഇത് യാഥാർഥ്യമാകുന്നതോടെയേ പ്രശ്ന പരിഹാരമാകൂവെന്നും മാത്യുസ് വർക്കി പറഞ്ഞു.
‘അനധികൃത പാർക്കിങ് തടഞ്ഞേ തീരൂ’
നേരത്തെ നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ കവലയിലെ കുരുക്കിന് പരിഹാരമാകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. കബീർ പറഞ്ഞു. നാല് വർഷം മുമ്പെടുത്ത തീരുമാനം നടപ്പാക്കുന്നതിന് അസോസിയേഷന് അന്നും ഇന്നും അനുകൂലമാണന്നും അദ്ദേഹം പറഞ്ഞു. കവലയിലെ അനധികൃത പാർക്കിങ്ങ് തടയാൻ ട്രാഫിക് പൊലീസുകാരന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.