പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാമെന്ന് പഞ്ചായത്ത്
text_fieldsപെരുമ്പാവൂര്‍: വല്ലം ജങ്ഷനിൽ തരിശായി കിടക്കുന്ന പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ ഗതാഗതക്കുരുക്കഴിക്കാനുള്ള സൗകര്യമൊരുക്കാമെന്ന് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇത് സംബന്ധിച്ച് ഒക്ടോബറില്‍ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം ജില്ല കലക്ടര്‍ക്കും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് കെ.എം. ഷിയാസ് പറഞ്ഞു.
ഒക്കല്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ബന്ധിപ്പിക്കുന്ന വല്ലം-പാറപ്പുറം പാലം വന്നതിനു ശേഷം എം.സി റോഡിലെ വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുകയാണ്. പുനര്‍നിര്‍മാണത്തിനായി പൂപ്പാനി വച്ചാല്‍ പാലം പൊളിച്ചതോടെ കോടനാട്, മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ഭാരവാഹനങ്ങളും വല്ലം ജങ്ഷനിലൂടെയാണ് പോകുന്നത്. പുലര്‍ച്ചെ തുടങ്ങുന്ന ഗതാഗതക്കുരുക്ക് രാത്രിയിലും തുടരുന്ന സ്ഥിതിയാണ്.
വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമില്ലാത്തതുകൊണ്ട് സ്ഥാപനങ്ങളിലേക്ക് ആളുകള്‍ കയറാത്തത് മൂലം വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. വല്ലം റോഡിലെ പാതയോരത്ത് ഓട്ടോറിക്ഷ സ്റ്റാന്റും എം.സി റോഡില്‍ ലോറി സ്റ്റാന്റുമാണ്. സ്ഥലമില്ലാത്തതിനാല്‍ ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ പാര്‍ക്ക് ചെയ്യുന്നത് റോഡരികിലാണ്. ഇവയെല്ലാം ദീര്‍ഘദൂര യാത്ര വാഹനങ്ങള്‍ക്കും മറ്റും തടസ്സമാണ്. പുറമ്പോക്ക് ഭൂമി കിട്ടിയാല്‍ വാഹനങ്ങള്‍ പാതയോരത്തുനിന്ന് മാറ്റുന്നതിന് സൗകര്യമൊരുക്കാനാകുമെന്ന് മാത്രമല്ല ഓട്ടോ സ്റ്റാന്റിനും ലോറി സ്റ്റാന്റിനും സ്ഥലമാകും.
പെരുമ്പാവൂരില്‍നിന്ന് പോകുമ്പാള്‍ പുത്തന്‍പാലത്തിന്റെ വലതു ഭാഗത്ത് താഴ്ന്നുകിടക്കുന്ന ചേലാമറ്റം വില്ലേജിലെ 50 സെന്റോളമാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാന്റിന് പുറമെ ലഘുഭക്ഷണശാലയും വിശ്രമ കേന്ദ്രവും ഒരുക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പഞ്ചായത്ത് 18 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സ്ഥലം താലൂക്ക് സര്‍വേയര്‍ അളന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്ന് പഞ്ചായത്തിന്റെ പദ്ധതിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.