ദുരിതക്കായലിൽ യാത്രക്കാർ റോ റോ വെസലുകൾ അടിക്കടി തകരാറിൽ
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി-വൈപ്പിൻ റോ റോ വെസലുകൾ അടിക്കടി തകരാറിലാകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസമാണ് തകരാറിലായ ഒരു റോ റോ വെസൽ സർവിസ് പുനരാരംഭിച്ചത്. പലപ്പോഴും ഒരു വെസൽ മാത്രമാണ് സർവിസിലുണ്ടാകുക.
ഇതിൽ ഉൾക്കൊള്ളാവുന്നതിലേറെ യാത്രക്കാരെയായിരിക്കും കൊണ്ടുപോകുക.
യാത്രക്കാർ പലപ്പോഴും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിയും വരും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമൂഹ അകലംപോലും പാലിക്കാതെയുള്ള യാത്ര ഏറെ ആശങ്കക്കും ഇടയാക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റോ റോ സർവിസിന് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. ഇതിൽ അധികൃതരുടെ പരിശോധനയും ഉണ്ടാകുന്നില്ല.
പൊതു ഗതാഗത സംവിധാനം എന്ന നിലയിൽ സമൂഹ അകലം പാലിച്ചുള്ള യാത്ര റോ റോയിലും പ്രായോഗികമാക്കിയില്ലെങ്കിൽ അത് വലിയ വിപത്തിനിടയാക്കിയേക്കും.
തുടർച്ചയായി വെസൽ തകരാറിലാകുന്നത് പരിഹരിക്കാനും നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. നിസ്സാര തകരാറുകൾ മാത്രമാണ് ഉള്ളതെങ്കിൽപോലും ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥയാണെന്നാണ് യാത്രക്കാരുടെ പരാതി.
കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് വെസലുകളെങ്കിലും നടത്തിപ്പ് ചുമതല പൊതുമേഖല സ്ഥാപനമായ കിൻകോക്കാണ്. കിൻകോയുടെ അനാസ്ഥയാണ് പലപ്പോഴും റോ റോ മുടങ്ങാൻ കാരണമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.