‘ട്രാക്ക് മാറ്റി’ വേണാട്; മെമു ആവശ്യം ശക്തമാക്കി യാത്രക്കാർ
text_fieldsകൊച്ചി: വേണാട് എക്സ്പ്രസിന്റെ എറണാകളം സൗത്ത് സ്റ്റേഷൻ വഴിയുള്ള യാത്ര ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചതോടെ യാത്ര ദുരിതം പരിഹരിക്കാൻ മെമു സർവിസ് എന്ന ആവശ്യം ശക്തമാക്കി യാത്രക്കാർ.
എറണാകുളം-കോട്ടയം പാതയിൽ രാവിലെയും വൈകിട്ടും വൻതിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ വളരെ അത്യാവശ്യമാണ്. തിരുവനന്തപുരം-ഷൊർണൂർ പാതയിൽ രാവിലെയും തിരികെ വൈകിട്ടും കോട്ടയം വഴി സർവിസ് നടത്തുന്ന വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെത്തിയാണ് യാത്ര തുടർന്നിരുന്നത്. എന്നാൽ മേയ് ഒന്ന് മുതൽ സൗത്ത് ഒഴിവാക്കി നോർത്ത്- തൃപ്പൂണിത്തുറ പാതയിൽ നേരിട്ട് സർവിസ് നടത്തുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. സൗത്ത് സ്റ്റേഷനിലെ നവീകരണ ജോലികളാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതോടെ എറണാകുളം നോർത്ത്-ഷൊർണൂർ റൂട്ടിൽ നിലവിലെ സമയത്തേക്കാൾ അരമണിക്കൂറോളം മുമ്പേ വേണാട് ഓടിയെത്തും. എറണാകുളം നോർത്ത്-തിരുവനന്തപുരം റൂട്ടിൽ 15 മിനിട്ടോളവും നേരത്തെയെത്തും.
സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തേണ്ട നിരവധി യാത്രക്കാർ വേണാടിനെ ആശ്രയിക്കുന്നുണ്ട്. സമയ മാറ്റം ജോലിസമയത്ത് കൃത്യസമയത്ത് എത്തുന്നത് ബാധിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മെട്രോയടക്കം പൊതുഗതാഗത സംവിധാനങ്ങൾ സജീവമായ സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
അതേസമയം കോട്ടയം-എറണാകുളം പാതയിൽ അതികഠിനമായ ട്രെയിൻ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. രാവിലെ എറണാകുളത്തേക്ക് സർവിസ് നടത്തുന്ന കൊല്ലം-എറണാകുളം മെമു, തിരുനൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവയിൽ തിരക്ക് കാരണം കടുത്ത ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ മെമു സർവിസ് ആരംഭിക്കണമെന്നാണ് ആവശ്യം. ഇരുട്രെയിനുകൾക്കുമിടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുണ്ട്. ഇതിനിടയിൽ ഒരു പാസഞ്ചർ ട്രെയിനോ മെമു സർവിസോ വേണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. വേണാടിന്റെ റൂട്ട് മാറ്റം ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ഇത് അത്യാവശ്യമാണെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.