പീസ് വാലിയുടെ പ്രവർത്തനശൈലി തുല്യതയില്ലാത്ത മാതൃക -ഡോ. ആസാദ് മൂപ്പൻ
text_fieldsകോതമംഗലം: നിരാലംബരായ മനുഷ്യർക്ക് ആശ്വാസം പകരുന്ന പീസ് വാലിയുടെ പ്രവർത്തനശൈലി തുല്യതയില്ലാത്ത മാതൃകയാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. പീസ് വാലിയുടേത് ദൈവിക സ്പർശമുള്ള പ്രവർത്തനങ്ങളാണ്. ഈശ്വര സാന്നിധ്യമുള്ള ഹൃദയങ്ങളുടെ ഉടമകൾക്കേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനാവൂ. പീസ് വാലിയിൽ കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന രീതിയാണ് ഏർലി ഇന്റർവെൻഷൻ സെന്ററിന്റേത്.
ആസ്റ്റർ സിക്ക് കിഡ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുക. വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടൽ രീതി കേരളത്തിൽ പരിചിതമാകുന്നേ ഉള്ളൂ. നിർധനരായ കുട്ടികൾക്ക് ഇത്തരം ചികിത്സ സൗകര്യങ്ങൾ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് സേവനങ്ങൾ നൽകുക.
കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പികളും ഒരു കുടക്കീഴിൽ ശാസ്ത്രീയമായി സംവിധാനിച്ചിട്ടുണ്ട്. ആറ് വയസ്സു വരെയുള്ള കുട്ടികൾക്കാണ് സേവനങ്ങൾ ലഭ്യമാവുക. ഓട്ടിസം സെൻസറി ഗാർഡൻ, ഹൈഡ്രോതെറാപ്പി എന്നിവ കൂടി സജ്ജമാകുന്നതൊടെ കേരളത്തിലെ ഏറ്റവും വിപുലമായ സ്ഥാപനമാവും പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്റർ. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.