തോടുകളിൽ മാലിന്യം നിറഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് ജനങ്ങളും ഉത്തരവാദി -ഹൈകോടതി
text_fieldsകൊച്ചി: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതിൽ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലക്ക് മുകളിലെത്തിയ ശേഷമാണോ അധികൃതർ ഇടപെടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് ദിവസവും തോടുകളിൽ നിന്നും മറ്റും നീക്കുന്നത്.
വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആരും തിരിച്ചറിയുന്നില്ല. ജനങ്ങൾ എതിരുനിന്നാൽ എന്ത് നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തിൽ കോടതിക്ക് എന്തുചെയ്യാനാകും. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവർത്തനക്ഷമമാകാത്തതെന്തെന്നും കോടതി ആരാഞ്ഞു. വെള്ളക്കെട്ട് നിവാരണത്തിനായി കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച മെഷീൻ അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
വഴിയോരങ്ങളിലെ ബോർഡുകളും മറ്റും പൊട്ടിവീഴുന്നതും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുചീകരണത്തിൽ റെസിഡന്റ്സ് അസോസിയേഷനുകളും മുൻകൈയെടുക്കണം. ജോസ് ജങ്ഷൻ, പനമ്പിള്ളി നഗർ, സെന്റ് മാർട്ടിൻ റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണം.
വെള്ളക്കെട്ട് പരിഹരിക്കാൻ രൂപവത്കരിച്ച സമിതിയുടെ നടപടികൾ കലക്ടർ വിലയിരുത്തണം. മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക് വെള്ളം വീഴുന്ന അവസ്ഥയുണ്ടെന്നും ബൈക്ക് യാത്രക്കാർക്ക് ഇത് അപകടം വരുത്തിവെക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച പെയ്തത് സാധാരണ മഴയല്ലെങ്കിലും അധികൃതരുടെയും പൊതുജനത്തിന്റെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.