പെരുമ്പാവൂർ ബൈപാസ് ഒന്നാംഘട്ടം ഭൂമി ഏറ്റെടുക്കൽ പൂര്‍ത്തീകരിച്ചു; ടെന്‍ഡര്‍ നടപടികളിലേക്ക്
text_fieldsപെരുമ്പാവൂർ: പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. ഉടന്‍ ടെന്‍ഡര്‍ നടപടികളാകും. ഏറ്റെടുത്ത ഭൂമി ആര്.ബി.ഡി.സിക്ക് കൈമാറുകയും 15 കോടി ഇതുവരെ വിതരണം ചെയ്തതായും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
60 പേരുടെ ഭൂമിയാണ് പെരുമ്പാവൂര്‍ ബൈപാസിന്റെ ഒന്നാം ഘട്ട നിര്മാണത്തിനുവേണ്ടി ഏറ്റെടുത്തത്. രണ്ടുപേര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. 90 ശതമാനം പേരുടെയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞതിനാല്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമില്ല.
സംസ്ഥാന സര്‍ക്കാര്‍ 2016ലെ ബജറ്റിലാണ് പെരുമ്പാവൂര്‍ ബൈപാസിന് അംഗീകാരം കൊടുത്തത്. നാല് കിലോമീറ്റര്‍ വരുന്ന റോഡ് രണ്ട് ഘട്ടങ്ങളായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിലവില്‍ പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടുവരുന്ന സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് രണ്ട് ഘട്ടങ്ങളാക്കി മാറ്റിയിട്ടുള്ളത്. നാല് കിലോമീറ്റര്‍ വരുന്ന റോഡിന്റെ ആദ്യഘട്ടം ഒന്നര കിലോമീറ്ററാണ്.
മരുതുകവല മുതല്‍ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ്ങും അതോടൊപ്പം തന്നെയുള്ള നോട്ടിഫിക്കേഷനും പൂര്‍ത്തീകരിച്ചു.
രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ലാൻഡ് റവന്യൂ കമീഷനറില്നിന്നും അഗ്രികള്‍ചറല്‍ ഡിപ്പാര്‍ട്മെന്റില്‍നിന്നും അനുമതി ലഭ്യമായി. സാമൂഹികാഘാത പഠനം ടെന്‍ഡര്‍ ചെയ്യാൻ രാജഗിരി കോളജ് ഓഫ് എൻജിനീയറിങ്ങിനെ തെരഞ്ഞെടുത്തു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുമായി സംസാരിച്ച് അവരുടെ തുകകള്‍ കൈമാറിയെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശവും നല്കി. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചുകൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.