തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല
text_fieldsകാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു.
പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു ടൈഗർ. കേസുകൾ ഉൾപ്പെടെ എന്ത് ആവശ്യങ്ങൾക്കും പൊലീസ് സംഘം ഇറങ്ങിയാൽ കൂടെ ടൈഗറും ഉണ്ടാകും. കലക്ടറേറ്റ് കവാടത്തിലെ സമര വേദികളിൽ പൊലീസിനൊപ്പം ടൈഗർ സ്ഥിര സാന്നിധ്യമാണ്. എത്ര പൊലീസുകാർ കൂട്ടം കൂടി നിന്നാലും തൃക്കാക്കര സ്റ്റേഷനിലെ പൊലീസുകാരെ തിരിച്ചറിഞ്ഞ് അവർക്കരികിൽ അവൻ നിലയുറപ്പിക്കും. സമരക്കാരെ തടയാൻ നിർമിച്ച ബാരിക്കേഡിന് എതിർവശം പൊലീസ് നിലയുറപ്പിക്കുമ്പോഴും അതിലൊരാളായി ടൈഗറും ഉണ്ടാകും. 2016ൽ സ്വാതന്ത്ര്യ ദിന തലേന്ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലെ പന്തലിൽ ഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര വിളിച്ചുകൂട്ടിയ യോഗത്തിനെത്തിയ തൃക്കാക്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് അകമ്പടിയായി അവരുടെ അനുമതിയില്ലാതെ എത്തി പിൻനിരയിൽ കിടപ്പുറപ്പിച്ച നായെ ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് അന്ന് യോഗ സ്ഥലത്ത് നിന്നു മാറ്റിയത്. 2020ൽ അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ടൈഗറെ മരടിലെ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷൻ ഇൻസിമിനേഷൻ ആൻഡ് വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആറാം ദിവസം അവിടെ നിന്ന് ചാടി കിലോമീറ്ററോളം കാൽനടയായി നടന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.