ചായക്കൊപ്പം കലയും വിളമ്പി പീറ്ററും മരിയ ടീ ഷോപ്പും
text_fieldsപള്ളുരുത്തി: ചിറക്കൽ മറൈൻ ജങ്ഷനിലെ പീറ്ററിന്റെ ചായക്കടയിൽ ചെന്നാൽ രണ്ടുണ്ട് കാര്യം. ചായ കുടിക്കാം, ഒപ്പം കടയിൽ ഒരുക്കിയ കലാരൂപങ്ങളും ആസ്വദിക്കാം. രണ്ട് മുറി മാത്രമുള്ള മരിയ ടീ ഷോപ് പ്രദേശത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കലാരൂപങ്ങൾകൊണ്ട് കൊച്ചിയുടെ നേർക്കാഴ്ച കൊച്ചുമുറിയിൽ ഒരുക്കിയിരിക്കയാണ് പീറ്റർ.
കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവല, അടയാളമായി കണക്കാക്കുന്ന ഹാർബർപാലം, പൈതൃക പെരുമ പേറുന്ന സ്മാരകങ്ങൾ, ആരാധനാലയങ്ങൾ, ബി.ഒ.ടി പാലം തുടങ്ങി കൊച്ചിക്കാഴ്ചകളും അതോടൊപ്പം ചുണ്ടൻ വള്ളം, കൊതുമ്പുവള്ളം, മത്സ്യബന്ധന ബോട്ട് എട്ടുകാലി മുതൽ ദിനോസർ വരെയുള്ള വിവിധ ജീവികൾ, താജ്മഹൽ തുടങ്ങി വിവിധ കലാരൂപങ്ങൾകൊണ്ട് നിറഞ്ഞിരിക്കയാണ് ഈ ചായക്കട.
പഴയ കാലത്തെ പൊലീസ് പ്രൗഢി വിളിച്ചോതുന്ന യൂനിഫോം വരെ പീറ്റർ തയാറാക്കിയിട്ടുണ്ട്. ഇടക്കിടെ ഈ യൂനിഫോം അണിഞ്ഞ് പേരക്കുട്ടി ആബി വർഗീസും പീറ്ററിനെ സഹായിക്കാനെത്തും. നാടക കലാകാരനായ പീറ്റർ വരുമാനമാർഗമെന്ന നിലയിൽ ചായക്കടയുമായി മുന്നോട്ടുപോകവെയാണ് കോവിഡ് മഹാമാരി വില്ലനായി എത്തിയത്. തുടർന്ന് മാസങ്ങളോളം കട അടച്ചിട്ടു. കടയും പൂട്ടി നാടകവുമില്ലാതായതോടെ ബോറടി മാറ്റാനായാണ് പീറ്റർ കലാരൂപ നിർമാണം ആരംഭിച്ചത്. ചിരട്ട, ഓലമടൽ എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യം കലാരൂപങ്ങൾ തയാറാക്കിയത്. ഇത് കണ്ട കൂട്ടുകാരും വീട്ടുകാരും പ്രോത്സാഹിപ്പിച്ചതോടെ കലാരൂപ നിർമാണത്തിന് കൂടുതൽ സമയം ചെലവഴിച്ചു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ചായക്കട വീണ്ടും തുറന്നപ്പോൾ നാട്ടുകാരുടെയും കണ്ണുതള്ളി. കടയിലെ രണ്ട് മുറി നിറയെ ആകർഷകമായ കലാരൂപങ്ങൾ. ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ കേട്ടറിഞ്ഞ് ചായക്കട തേടിവന്നു തുടങ്ങിയിരിക്കയാണ്. കലാരൂപങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് ഇവർ മടങ്ങുമ്പോൾ പീറ്ററിന്റെ മനസ്സിനും സന്തോഷം.
15 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത പീറ്റർ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് നാട്ടിൽ തിരിച്ചെത്തി വീടിനോട് ചേർന്ന് ചായക്കട തുടങ്ങിയത്. നാടകപ്രവർത്തനങ്ങളും തുടങ്ങി. ചായക്കടയിൽ തിരക്ക് കുറയുമ്പോൾ പീറ്റർ കലാരൂപ നിർമാണത്തിൽ മുഴങ്ങും. ഭാര്യ ടെൽമ പീറ്ററിനെ സഹായിക്കാൻ കടയിലെത്തും. മക്കളായ അനിത റോസിയും അനു ജിബിനും പിതാവിന് പ്രോത്സാഹനമായുണ്ട്. പാഴ്വസ്തുക്കൾകൊണ്ട് കലാരൂപങ്ങൾ നിർമിക്കുന്നതിനാൽ വലിയ ചെലവുവരുന്നില്ലെന്ന് പീറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.