‘വൗ... ഗ്രേറ്റ് ഫോട്ടോസ്’...
text_fieldsകൊച്ചി: സമൂഹത്തിനുനേരെ തുറന്നുപിടിച്ച കാമറക്കണ്ണുകളിൽ പതിഞ്ഞ ചിത്രങ്ങൾ ആശ്ചര്യത്തോടെ വീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു, ‘വൗ... ഗ്രേറ്റ് ഫോട്ടോസ്’. കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേണലിസ്റ്റ്സ് ഫോറം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച 26ാമത് ഫോട്ടോപ്രദര്‍ശനം ‘പോര്‍ട്ട്ഫോളിയോ’ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഖത്തർ ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ മെസ്സിയുടെ ആഹ്ലാദവും കലോത്സവത്തിലെ മൂകാഭിനയത്തിന് മേയ്ക്കപ് ചെയ്യുന്ന കുട്ടിയുടെ ചിത്രവും ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിനിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗ്രൗണ്ടിലിറങ്ങിയതും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ ആയിരങ്ങൾ തടിച്ചുകൂടിയതുമൊക്കെ ചിത്രങ്ങളിലൂടെ കണ്ട അദ്ദേഹം അവ പകർത്തിയ മികവിനെ അഭിനന്ദിച്ചു.
തെൻറ ചിത്രങ്ങളും പ്രദർശനത്തിൽ കണ്ടതോടെ പുഞ്ചിരിച്ചുകൊണ്ട് ആ നിമിഷങ്ങളെക്കുറിച്ച് വാചാലനായി. ചിത്രങ്ങളെടുക്കാൻ ആർക്കും കഴിയുമെങ്കിലും ആയിരം വാക്കുകൾ പറയുന്ന ഇത്തരത്തിലുള്ളവ പകർത്താൻ മികച്ച ഫോട്ടോഗ്രാഫർക്ക് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
33 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 65ഓളം ചിത്രങ്ങൾ പ്രദര്‍ശനത്തിലുണ്ട്.
‘മാതൃഭൂമി’ മുന്‍ സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ്. ഷൈന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘കൈവിടര്ത്തുന്ന കാലം’ പുസ്തകം കെ.ബാബു എം.എൽ.എക്ക് നൽകി ഇവാൻ വുകോമനോവിച്ച് പ്രകാശനം ചെയ്തു. ഫോറം ജനറൽ കൺവീനർ മനു വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
കൊച്ചി മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു ജോർജ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, മനു ഷെല്ലി എന്നിവർ സംസാരിച്ചു. 26ന് പ്രദർശനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.